fire
അന്താരാഷ്ട്ര ദുരന്ത ലഘൂകരണത്തിെന്റെ ഭാഗമായി തൊടുപുഴ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ നടന്ന മോക് ഡ്രിൽ

തൊടുപുഴ: സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നടപ്പിലാക്കുന്ന 'സജ്ജം' പരിപാടിയുടെ ഭാഗമായി അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണത്തോട് അനുബന്ധിച്ച് പരിശീലനവും ബോധവത്കരണവും സംഘടിപ്പിച്ചു. തൊടുപുഴ ഗവ. സെക്കണ്ടറി സ്‌കൂളിൽ നടന്ന പരിപാടി തൊടുപുഴ ലാൻഡ് റവന്യൂ തഹസിൽദാർ കെ.എച്ച് സക്കീർ ഉദ്ഘാടനം ചെയ്തു. തൊടുപുഴ തഹസിൽദാർ എം. അനിൽകുമാർ ചടങ്ങിൽ അദ്ധ്യക്ഷനായി. സ്‌കൂൾ ഹെഡ്മാസ്റ്റർ റ്റി.സി. വാസന്തി, സ്‌കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് ബിനിമോൾ ശ്രീധരൻ, റോയി.പി. ഏലിയാസ്, കുമാരി സാറാ ഷാജഹാൻ, നവമി സജീവ് തുടങ്ങിയവർ സംസാരിച്ചു.
തൊടുപുഴ അഗ്‌നിരക്ഷാ നിലയം ഓഫീസർ റ്റി.കെ. ജയറാം, ഫയർ ആൻഡ് റസ്‌ക്യൂ ഓഫീസർ ബിബിൻ എന്നിവർ ദുരന്തനിവാരണ ബോധവത്കരണ ക്ലാസും പരിശീലന ക്ലാസും നയിച്ചു. സ്‌കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച പരിപാടിയിൽ ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് അടിയന്തിര ഘട്ടത്തിൽ സ്വീകരിക്കേണ്ട മുൻകരുതൽ വിശദീകരിച്ചു. പാചകവാതക സിലിണ്ടർ ചോർച്ച ഉണ്ടായാൽ അപകടം ഒഴിവാക്കുന്നതിനും ചോർച്ച തടയുന്നതിനും മറ്റും സ്വീകരിക്കേണ്ട മാർഗങ്ങളും കുട്ടികൾക്ക് മുന്നിൽ അവതരിപ്പിച്ചു.
തൊടുപുഴ ഡോ. എ.പി.ജെ അബ്ദുൾ കലാം ഹയർ സെക്കണ്ടറി സ്‌കൂളിലും ബോധവത്കരണ ക്ലാസും പരിശീലനവും നടത്തി. തൊടുപുഴ അഗ്‌നിരക്ഷാനിലയത്തിലെ അസി. സ്റ്റേഷൻ ഓഫീസർ അബ്ദുൽ സലാം നേതൃത്വം നൽകി.