തൊടുപുഴ: തിരക്കേറിയ തൊടുപുഴ നഗരത്തിൽ സ്വകാര്യ ബസുകൾ തോന്നുന്ന സ്ഥലത്ത് നിർത്തുന്നത് ഗതാഗത കുരുക്കിനും അപകടങ്ങൾക്കും കാരണമാകുന്നു.
നഗരത്തിലെ തിരക്ക് അനുദിനം വർദ്ധിച്ചതിനാൽ നിർദ്ദിഷ്ട ബസ് സ്റ്റോപ്പുകളിൽ മാത്രമേ ബസുകൾ നിർത്താവൂ എന്നാണ് ഗതാഗത വകുപ്പിന്റെ നിർദ്ദേശം. എന്നാൽ സ്വകാര്യ ബസ് ജീവനക്കാർ ഇത് പാലിക്കുന്നില്ല. തൊടുപുഴ- മൂവാറ്റുപുഴ റോഡിൽ പ്രവർത്തിക്കുന്ന തിരക്കേറിയ കടകൾക്ക് മുന്നിൽ ബസ് നിറുത്തി യാത്രക്കാരെ കയറ്റരുതെന്ന് നിർദ്ദേശമുള്ളതാണ്. എന്നാൽ ഇതൊന്നും വകവയ്ക്കാതെയാണ് ചില സ്വകാര്യ ബസുകളുടെ പ്രവർത്തനം. ഇതുമൂലം നഗരത്തിൽ നീണ്ട ഗതാഗത കുരുക്കും പതിവാണ്. റോഡിൽ ഏറ്റവും തിരക്കേറിയ മേഖലകളിലാണ് ബസുകൾ നിറുത്തി ആളെ കയറ്റുന്നതെന്നതും പ്രത്യേകതയാണ്. ഈ ഭാഗത്ത് അനധികൃത വാഹന പാർക്കിംഗും പതിവായതിനാൽ അപകട സാധ്യത കൂടിയ മേഖലകൂടിയാണിവിടം. മാത്രമല്ല നഗരത്തിലേക്ക് പ്രവേശിക്കുന്ന സ്വകാര്യ ബസുകൾ ട്രാഫിക് ലൈനുകൾ തെറ്റിച്ച് അമിത വേഗത്തിൽ പായുന്നതും നിത്യസംഭവമാണ്. നഗരത്തിലെ അനധികൃത പാർക്കിംഗിനെതിരെയും നടപടിയെടുക്കണമെന്നാണ് വ്യാപാരികളുടെയും കാൽനടയാത്രക്കാരുടെയും ആവശ്യം.
പരിശോധനയും നടപടിയുമില്ല
മുമ്പ് അനധികൃത പാർക്കിംഗിന് വാഹനങ്ങൾക്ക് ട്രാഫിക് പൊലീസ് പിഴ ചുമത്തിയിരുന്നു. എന്നാൽ ഇപ്പോൾ പരിശോധന അയഞ്ഞതാണ് നിയമലംഘനങ്ങൾ ആവർത്തിക്കാൻ കാരണം. ഇവിടെ വേഗ നിയന്ത്രണ സംവിധാനങ്ങൾ സ്ഥാപിക്കുന്നതിനൊപ്പം ഗതാഗത നിയമലംഘകർക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവും ശക്തമാണ്. നഗരത്തിന്റെ വിവിധ മേഖലകളിലും ഇത്തരത്തിലുള്ള ഗതാഗത നിയമ ലംഘനങ്ങൾ പതിവാണ്. എന്നാൽ ബന്ധപ്പെട്ട അധികൃതർ നടപടിയെടുക്കാതെ ഇതിനെതിരെ കണ്ണടയ്ക്കുകയാണ് പതിവ്.