സ്വതന്ത്ര അംഗത്തിന് ഒപ്പം കോൺഗ്രസും ബിജെപിയും കൈകോർത്തു

വനി​താമെമ്പറായി​രുന്ന സൗമ്യസുനി​ൽ ഭരണമാറ്റത്തി​ന് വഴി​യൊരുക്കി​

കട്ടപ്പന:വണ്ടൻമേട് പഞ്ചായത്തിൽ എൽഡിഎഫിന് പ്രസിഡന്റ് സ്ഥാനം നഷ്ടമായി. പ്രസിഡന്റ് സിബി എബ്രഹാമിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം എട്ടിനെതിരെ പത്ത് വോട്ടുകൾക്കാണ് പാസ്സായത്. ജില്ലാ നേതൃത്വം നൽകിയ വിപ്പ് ലംഘിച്ചാണ് ബിജെപി അംഗങ്ങൾ അവിശ്വാസത്തെ അനുകൂലിച്ച് വോട്ട് ചെയ്തത്.

വണ്ടൻമേട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിബി എബ്രഹാമിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി അഴിമതി നടത്തുന്നതായും പഞ്ചായത്തിൽ വികസന മുരടിപ്പ് എന്നും ആരോപിച്ചാണ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ച സുരേഷ് മാനങ്കേരിയുടെ നേതൃത്വത്തിൽ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നത്. പ്രമേയത്തിന് യു.ഡി.എഫും ബിജെപിയും നിരുപാധിക പിന്തുണയാണ് നൽകിയത്. കട്ടപ്പന ബി ഡി ഓ ജോസുകുട്ടി മാത്യു വരണാധികാരി ആയിരുന്നു.

അവിശ്വാസ പ്രമേയത്തിലൂടെ പ്രസിഡന്റ് സിബി എബ്രഹാം പുറത്താക്കപ്പെട്ടതോടെ പ്രസിഡന്റിന്റെ താൽക്കാലിക ചുമതല വൈസ് പ്രസിഡന്റ് ഫിലോമിന രാജുവിന് കൈമാറി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് വരുന്ന മുറയ്ക്ക് പുതിയ പ്രസിഡന്റി​നെ പ്രത്യേക യോഗം ചേർന്ന് വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കും.

ആകെ 18 വാർഡുകൾ ഉള്ള വണ്ടൻമേട് ഗ്രാമപഞ്ചായത്തിൽ നിലവിൽ എൽഡിഎഫിനൊപ്പം 8 അംഗങ്ങളാണ് ഉള്ളത്. യുഡിഎഫിന് 6 അംഗങ്ങളും ബിജെപിക്ക് മൂന്ന് അംഗങ്ങളും ഒരു സ്വതന്ത്ര അംഗവുമാണ് മറുവശത്ത് ഉള്ളത്. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ അവിശ്വാസപ്രമേയം കൊണ്ടുവന്നെങ്കിലും ഭൂരിപക്ഷം ഇല്ലാതിരുന്നതിനാൽ ഇത് തള്ളുകയായിരുന്നു.

സൗമ്യയുടെ പെരുമാറ്റദൂഷ്യം

ഭരണം നഷ്ടപ്പെടുത്തി​

​എൽ. ഡി​. എഫ് മെമ്പർ ആയിരുന്ന സൗമ്യ സുനിലിന്റെ വഴിവിട്ട ജീവി​തമാണ് 22 മാസം മാത്രം കാലാവധി എത്തിയപ്പോൾ വണ്ടൻമേട് ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃസ്ഥാനം എൽഡിഎഫിന് നഷ്ടമാക്കിയത്. കാമുകനൊപ്പം ജീവിക്കുക എന്ന ഉദ്ദേശത്തോടെ സ്വന്തം ഭർത്താവിനെ മയക്കുമരുന്ന് കേസിൽ കുടുക്കാൻ നടത്തിയ ശ്രമമാണ് ഒടുവിൽ പഞ്ചായത്ത് ഭരണസമിതിയുടെ ഭാവി തന്നെ തുലാസിലാക്കിയത്.

വണ്ടൻമേട് ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിൽ എൽഡിഎഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ച സൗമ്യ സുനിൽ കഴിഞ്ഞ ഫെബ്രുവരി മാസത്തിലാണ് ഭർത്താവിനെ കേസിൽ കുടുക്കി ജയിലിൽ അടയ്ക്കുകയും കാമുകനൊപ്പം ജീവിതം നയിക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെ ഭർത്താവിന്റെ ഇരുചക്ര വാഹനത്തിൽ എംഡിഎംഎ എന്ന മാരക മയക്കുമരുന്ന് ഒളിപ്പിച്ചു വെച്ചത്. പ്രഥമ ദൃഷ്ട്യാ ഭർത്താവ് സുനിൽ പ്രതിയെന്ന് കരുതപ്പെട്ടു എങ്കിലും പൊലീസ് നടത്തിയ സമർത്ഥമായ അന്വേഷണത്തിലൂടെ ഭാര്യ തന്നെയാണ് ഭർത്താവിനെ കൊടുക്കാൻ മയക്കുമരുന്ന് സംഘടിപ്പിച്ച വാഹനത്തിൽ ഒളിപ്പിച്ചുവെച്ചതെന്ന് കണ്ടെത്തി. ഇതോടെ ഇവരെ അറസ്റ്റ് ചെയ്യുകയും ഗ്രാമപഞ്ചായത്ത് ഭരണസമിതിയും ഇടതുമുന്നണി നേതൃത്വം ഇടപെട്ട് ഇവരെക്കൊണ്ട് രാജിവെപ്പിക്കുകയുമായിരുന്നു. ഇതേത്തുടർന്ന് ഒഴിവ് വന്ന പതിനൊന്നാം വാർഡിൽ ഉപതെരഞ്ഞെടുപ്പ് നടക്കുകയും ഈ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രതിനിധി വിജയിക്കുകയും ചെയ്തു. ആകെയുള്ള പതിനെട്ടിൽ ഒൻപത് അംഗങ്ങളുടെ പിൻബലത്തിൽ ഭരണം നേടിയ ഇടതുമുന്നണിയുടെ ഭാവി ഇതോടെ ആശങ്കയിലായി. മറുവശത്ത് യുഡിഎഫിൽ ഒരു അംഗം കൂടി എത്തിയതോടെ ബി.ജെ.പിയും യുഡിഎഫും സ്വതന്ത്ര അംഗവും ചേർന്ന് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകുകയായിരുന്നു. ഈ കൂട്ടുകെട്ട് അവിശ്വാസപ്രമേയ വോട്ടെടുപ്പിൽ ഒന്നിച്ചു നിന്നതോടെയാണ് ഇപ്പോൾ പ്രസിഡന്റ് സ്ഥാനം എൽഡിഎഫിന് നഷ്ടപ്പെട്ടിരിക്കുന്നത്.