നെടുങ്കണ്ടം : സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇലക്ഷൻ നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചതൊടെ ജില്ലയിലെ നാല് ദ്ദേശസ്വയംഭരണ വാർഡുകൾ തെരഞ്ഞെടുപ്പ് ചൂടിലേക്ക്. കരുണാപുരം,ശാന്തൻപാറ, കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തുകളിലേക്കും, ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിലേക്കുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക. നവംബർ 9നാണ് വോട്ടെടുപ്പ്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്നലെ വിജ്ഞാപനം പുറപ്പെടുവിച്ചത്.നാമനിർദ്ദേശപത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തിയതി ഒക്ടോബർ 21 . നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന 22ന് നടക്കും. സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തിയതി ഒക്ടോബർ 25.നവംബർ 10ന് രാവിലെ 10 മണി മുതൽ വോട്ടെണ്ണൽ നടക്കും.
ജില്ലയിൽ നാല് ദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ആണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. മൂന്ന് ഗ്രാമപഞ്ചായത്തുകളിലേക്കും ഒരു ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിലേക്കും ഉപതെരഞ്ഞെടുപ്പ് നടക്കും. സിപിഎം ഏരിയ കമ്മിറ്റി സെക്രട്ടറിയായതിനെ തുടർന്ന് വി.സി അനിൽ മെമ്പർ സ്ഥാനം രാജിവച്ച ഒഴിവിലേക്കാണ് കരുണാപുരം ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡിൽ(കുഴിക്കണ്ടം) ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ശാന്തൻപാറ ഗ്രാമപഞ്ചായത്ത് തൊട്ടിക്കാനം പത്താം വാർഡ്, കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിൽ പതിനെട്ടാം വാർഡ് പൊന്നെടുത്താനിലും ഉപതെരഞ്ഞെടുപ്പ് നടക്കും. ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് ഒന്നാം വാർഡ് വണ്ണപ്പുറം ഡിവിഷനിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.