തൊടുപുഴ: കരിമണ്ണൂരിൽ പ്രവർത്തിക്കുന്ന സംസ്ഥാന വിത്തുത്പാദന കേന്ദ്രത്തിൽ ഉമ നെൽവിത്ത് വിതരണത്തിന് തയ്യാറായി. ഫാമിന്റെ ഉടമസ്ഥതയിൽ ഉമ നെൽവിത്ത് വിരിപ്പ് നെൽകൃഷി ചെയ്ത പാടത്ത് കൊയ്ത്തുത്സവം നടത്തി. പൂർണ്ണമായും വിത്തിന് വേണ്ടിയാണ് കരിമണ്ണൂർ ഫാമിലെ നെൽകൃഷി. രണ്ടു സീസണുകളിലായി 20 ടണ്ണിലധികം നെൽവിത്ത് ഇവിടെ നിന്ന് ഉത്പാദിപ്പിച്ച് തൃശൂരിലെ സംസ്ഥാന വിത്ത് വിതരണ കേന്ദ്രം (കെ.എസ്.എസ്.ഡി.എ) വഴി കർഷകർക്ക് വിതരണം ചെയ്യുന്നുണ്ട്. ഫാമിന്റെ ഉടമസ്ഥതയിലുള്ള 4.34 ഹെക്ടർ പാടമാണ് നെൽകൃഷിക്കായി ഉപയോഗിക്കുന്നത്. ഇതിനായി എട്ട് സ്ഥിരം ജോലിക്കാരും മൂന്ന് താത്കാലിക ജീവനക്കാരും ഉൾപ്പെടെ 11 തൊഴിലാളികൾ ഫാമിലുണ്ട്. രണ്ട് സീസണുകളിലായാണ് ഇവിടെ കൃഷി. വിരിപ്പ് കൃഷി ജൂൺ മാസത്തിലും മുണ്ടകൻ കൃഷി ഒക്ടോബർ, നവംബർ മാസങ്ങളിലും തുടങ്ങും. വിത്ത് വിതച്ച് നാല് മാസം കൊണ്ട് വിളവെടുപ്പ് പൂർത്തിയാകും. ജൈവ വളത്തിനാണ് മുൻഗണന. കൃഷിക്കാവശ്യമായ ജലം ലഭ്യമാക്കുന്നതിന് ഫാമിന്റെ വിവിധയിടങ്ങളിലായി കുളങ്ങൾ ഒരുക്കിയിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷകുമാരി മോഹൻകുമാർ, കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിസാമോൾ ഷാജി, വൈസ് പ്രസിഡന്റ സാംസൺ അക്കക്കാട്ട്, ഗ്രാമപഞ്ചായത്തംഗങ്ങളായ ആൻസി സിറിയക്, റെജി ജോൺസൺ, ബൈജു വറവുങ്കൽ, സന്തോഷ് കുമാർ, ജെസി വിൽസൺ, സോണിയ ജോബിൻ എന്നിവർ സംസാരിച്ചു. ഫാം സൂപ്രണ്ട് കെ. സുലേഖ സ്വാഗതവും അഗ്രികൾച്ചറൽ അസിസ്റ്റന്റ് കെ.ബി. പ്രസാദ് നന്ദിയും പറഞ്ഞു.