പീരുമേട്:തേയില, ഏലം തോട്ടങ്ങളിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ ശമ്പള വർദ്ധനവിന്റെ കാലാവധി അവസാനിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും സർക്കാർ വേണ്ട നടപടികൾ സ്വീകരിക്കുന്നില്ല. തേയില ഏലം മേഖലയിലെ തൊഴിലാളികളിൽ പ്രതിഷേധങ്ങൾക്കിടയാക്കുന്നു. ശമ്പള വർദ്ധനവിന്റെ കാലാവധി കഴിഞ്ഞ ഡിസംബർ 31 അവസാനിച്ചതാണ്. പ്ലാന്റേഷൻ ലേബർ കമ്മിറ്റി യോഗം വിളിച്ചു ചേർത്ത് വേണം ശമ്പള പരിഷ് ക്കരണം നടപ്പിലാക്കാൻ. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും പ്ലാന്റ ലേബർ കമ്മിറ്റി (പി.എൽ.സി.)യോഗം ചേരാൻ തയ്യാറായിട്ടില്ല എന്നാണ് ഒരു വിഭാഗം ട്രേഡ് യൂണിയൻ നേതാക്കൾ പറയുന്നത്. കഴിഞ്ഞ ഡിസംബറിൽ പി.എൽ. സി. യോഗം ചേർന്നെങ്കിലും ശമ്പളവർദ്ധനവ് ചർച്ച ചെയ്തിട്ടില്ല . തോട്ടം തൊഴിലാളികളുടെ വേതനം600 രൂപയാക്കണമെന്ന ആവശ്യം ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല. ഭരണകക്ഷി പ്രതിപക്ഷ ഭേദമന്യെയൂണിയനുകൾ ശമ്പള വർദ്ധനവ് ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

ശമ്പളപരിഷ്‌ക്കരണം എപ്പോൾ നടക്കുമെന്ന് ആരുംപറയുന്നില്ല. നിലവിൽ പ്ലാന്റേഷൻ തോട്ടം തൊഴിലാളി യൂണിയൻ സി.ഐ.ടി.യു.നേതൃത്വത്തിൽ ജില്ലയിലെ തോട്ടം മേഖലയിൽ സമ്മേളനങ്ങൾ നടന്നു വരികയാണ്. സമ്മേളനങ്ങൾക്ക് ശേഷം ശമ്പള വർദ്ധനവിൽ തീരുമാനമെടുക്കുമെന്നാണ് തൊഴിലളി യൂണിയൻ നേതാക്കൾ പറയുന്നത്. . ഇപ്പോഴും ഏറ്റവും കുറഞ്ഞ കൂലി തേയില ഏലം മേഖലയിൽ പണിചെയ്യുന്ന തൊഴിലാളികൾക്കാണ്. നിലവിൽ ഉള്ള ശമ്പളം കൊണ്ട് തൊഴിലാളികൾക്ക് ജീവിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. മുൻപ് തോട്ടം മേഖലയിൽ മെച്ചപെട്ട സൗജന്യചികിത്സാ സംവിധാനം നിലവിലുണ്ടായിരുന്നതും അന്യമായി.

രോഗംവന്നാൽ

പെട്ടത്തന്നെ

തോട്ടം തൊഴിലാളികൾ രോഗം വന്നാൽ പുറത്ത് പോയി ചികിത്സിക്കണം. പീരുമേട്, മൂന്നാർ, ഉടുമ്പൻചോല മേഖലയിലെ ഗുരുതര രോഗം വരുന്ന തൊഴിലാളികൾ ആശ്രയിക്കുന്നത് കോട്ടയം മെഡിക്കൽ കോളേജിനെയാണ്. തൊഴിലാളികൾ പുറത്തുപോയി ചികിത്സിക്കേണ്ട അവസ്ഥയാണുള്ളത്. ഇതും തൊഴിലാളികളെ ദുരിതത്തിലാഴ്ത്തുന്നു. ഇപ്പോഴും പൊട്ടിപ്പൊളിഞ്ഞ ചോർന്നൊലിക്കുന്ന ലയങ്ങളിലാണ് ഭുരിപക്ഷം തൊഴിലാളികളും താമസിക്കുന്നത്. ശക്തായ കാലവർഷവും ദുരന്തവും ഉള്ളപ്പോൾ മാത്രമാണ് ഇവരുടെ പ്രശ്‌നങ്ങൾ ഭരണാധികാരികൾ ചർച്ച ചെയ്യുന്നതെന്ന ആക്ഷേപം നിലനിൽക്കുകയാണ്.മെച്ചപ്പെട്ട ശമ്പള പരിഷ്‌കരണം ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് തൊഴിലാളികൾ.

കൂലി വർദ്ധനവ്

50 രൂപ

2017 ഡിസംബറിൽ കാലാവധി കഴിഞ്ഞ സേവന വേതന വ്യവസ്ഥ 2019 ൽതൊഴിലാളികൾക്ക് 50 രൂപയുടെ വർദ്ധനവ് വരുത്തി പുതുക്കി നിശ്ചയിക്കുകയായിരുന്നു. തേയില ഏലം മേഖലയിൽ പണി ചെയ്യുന്ന തൊഴിലാളികളുടെ ശമ്പളം ഇപ്പോഴും 500 രൂപയിൽ താഴെയാണ് .