
പീരുമേട്: മലയോരത്തിന് ഏറെ പ്രതീക്ഷകൾ നൽകി ജില്ലാ അതിർത്തിയിൽ തേനി ബോഡി നായിക്കന്നൂർ റൂട്ടിൽട്രെയിൻ ട്രയൽ റൺ നടത്തി. തേനി ബോഡി നായ്ക്കന്നൂർ 17 കിലോമീറ്റർ ദൂരം ജോലികൾ അതിവേഗം പുരോഗമിച്ചതിനെ തുടർന്ന് വ്യാഴാഴ്ച്ചയാണ് റെയിൽവേപരീക്ഷണ ഓട്ടം നടത്തിയത്. ബോഡിനായ്ക്കനൂർ എത്തിയ ട്രയിനെ നാട്ടുകാർ ആർപ്പുവിളികളോടും ആഘോഷത്തോടും എതിരേറ്റു. തേനി മുതൽ പാളത്തിന്റെ ജോലികൾ അതിവേഗം നടക്കുകയുണ്ടായി . തേനിക്കും ബോഡി നായ്ക്കനൂരിനുമിടയിൽ 30 ചെറിയ പാലങ്ങളും മൂന്ന് പ്രധാന മേൽപാലങ്ങളും പണികൾ അതിവേഗം പൂർത്തിയാക്കി. ബാക്കിയുള്ള പണികൾ ഉടനെ പൂർത്തിയാക്കി ഡിസംബറിൽ മധുര- ബോഡിനായ്ക്കന്നൂർ ട്രെയിൻ ഓടുന്നതോടൊപ്പം ചെന്നയിൽ നിന്നും ബോഡിനായ്ക്കന്നൂർ ട്രെയിൻ ആരംഭിക്കാനുള്ള നീക്കമാണ് റെയിൽവേ അധികൃതർ നടത്തുന്നത് .
തേനിയിൽ നിന്നും പരീക്ഷണ ഓട്ടം 10 കിലോമീറ്റർ വേഗതയിലാണ് ട്രെയിൻ ഓടിയത്. ബോഡി നായ്ക്കനുരിൽ റെയിൽവേ സ്റ്റേഷന്റെ പണികൾ അതിവേഗം പൂർത്തിയായി വരുന്നു. കഴിഞ്ഞ മേയ് 26 ന് ചെന്നയിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത മധുരതേനി ട്രയിൻ ആരംഭിച്ചിരുന്നു. പതിനേഴ് കിലോമീറ്റർ ദൂരമുള്ള ബോഡി നായ്ക്കനൂരേക്ക് പണികൾ അന്ന്തീർന്നിരുന്നില്ല. തുടർന്ന് വളരെ വേഗത്തിൽ ജോലികൾ പൂർത്തിയാക്കുകയായിരുന്നു.2011 ൽ മീറ്റർഗേജ് പാത ബ്രോഡ് ഗേജ് ആക്കി മാറ്റുന്നതിന് റെയിൽവേ 450 കോടി അനുവദിച്ചാണ്91 കിലോമീറ്റർ ദൂരം നവീകരണം നടത്തിയത് .
പ്രതീക്ഷയൂടെ ചൂളംവിളി
ബോഡി നായ്ക്കന്നുരിൽ ട്രെയിൻ എത്തുമ്പോൾ ഇടുക്കിയുടെ ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷനാണ്. ബോഡി നായ്ക്കനൂർ ചിരകാല സ്വപ്നം പൂവണിയുകയാണ്. പൂപ്പാറയിൽ നിന്നും40 കിലോമീറ്റർ സഞ്ചരിച്ചാൽ ബോഡി നായ്ക്കനൂരിൽ. എത്താം. മുന്നാർ, നെടുംകണ്ടം, കട്ടപ്പന, കുമളി, പ്രദേശങ്ങളിലെ ജനങ്ങൾക്ക് ഇത് ഗുണകരമാകുന്നതാണ് പുതിയ പാത. ശബരിമല തീർത്ഥാടകർക്കും മധുര മീനാക്ഷി ക്ഷേത്രം, പളനി, രാമേശ്വരം, വേളാങ്കണ്ണി, തുടങ്ങിയ തീർത്ഥാടന കേന്ദ്രങ്ങളിൽ എളുപ്പത്തിൽ എത്താൻ കഴിയും. ഇടുക്കിയിലെ സുഗന്ധവ്യഞ്ജനങ്ങൾക്ക് കച്ചവട സാദ്ധ്യതയും ഏറുമെന്ന പ്രതീക്ഷയിലണ് കർഷകർ.