രാജകുമാരി: ഹരിത മിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിങ് സിസ്റ്റത്തിനു രാജകുമാരി ഗ്രാമപഞ്ചായത്തിൽ തുടക്കമായി. പഞ്ചായത്തിലെ എട്ടാം വാർഡായ മുരിക്കുംതൊട്ടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമാ ബിജു പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി ശുചിത്വ മിഷന്റെയും ഹരിത കേരള മിഷന്റെയും മേൽനോട്ടത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടപ്പിലാക്കി വരുന്ന ശുചിത്വ മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങളുടെ ഏകീകൃത നിരീക്ഷണത്തിനും മേൽനോട്ടത്തിനുമായി കെൽട്രോണിന്റെ സഹായത്തോടെ തയ്യാറാക്കിയതാണ് ഹരിതമിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിങ് സിസ്റ്റം. മൊബൈൽ അധിഷ്ഠിതമായ ആപ്പിന്റെ പ്രവർത്തനം നടത്തുന്നതിനായി ഗ്രാമ പഞ്ചായത്തിലെ എല്ലാ വാർഡുകളിലേയും വീടുകളിലേയും സ്ഥാപനങ്ങളിലേയും വിവരങ്ങൾ മൊബൈൽ ആപ്പിൽ രേഖപ്പെടുത്തി സൂക്ഷിക്കുന്നതിന് എല്ലാ വീടുകളിലും ക്യൂ ആർ കോഡ് പതിപ്പിക്കും. ഹരിതകർമ്മസേന ശേഖരിക്കുന്ന പാഴ് വസ്തുക്കളുടെ അളവ്, യൂസർ ഫീ, ഗ്രാമ പഞ്ചായത്തിൽ ഉൽപാദിപ്പിക്കുന്നതും വിതരണം ചെയ്യുന്നതും, തിരികെ ശേഖരിച്ച് പുനചംക്രമണത്തിനായി നൽകുന്ന പ്ലാസ്റ്റികിന്റെ അളവ് എന്നിവ അറിയുന്നതിനും അനധികൃത മാലിന്യ നിക്ഷേപങ്ങൾ, ജലസ്രോതസ്സുകളും, പാതയോരങ്ങളും സാമൂഹിക വിരുദ്ധർ മലിനപ്പെടുത്തുന്ന പ്രശ്‌നങ്ങൾ ഉൾപ്പടെ പൊതുജനങ്ങൾക്ക് വീട്ടിൽ ഇരുന്നുകൊണ്ട് പരാതി നൽകാനുള്ള സൗകര്യം എന്നിവ ഹരിതമിത്രം സ്മാർട്ട് ഗാർബേജ് ആപ്പിലുണ്ട്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അജേഷ് മുകളേൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി രാജാറാം, എ. ചിത്ര, സോളി സിബി, ആഷ സന്തോഷ്, മഞ്ജു ബിജു, ഗ്രാമപഞ്ചായത്ത് അസി.സെക്രട്ടറി ബിബിൻ കൃഷ്ണ, കെൽട്രോൺ പ്രതിനിധികൾ, ഹരിത കർമ്മസേനാ അംഗങ്ങൾ പ്രദേശവാസികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.