ഇടുക്കി:സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ജില്ലാ ആഫീസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച 11മത് കാർഷിക സെൻസസ് 2021-22 ജില്ലാതല സൂപ്പർ വൈസർമാർക്കുള്ള പരിശീലന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി. കെ. ഫിലിപ്പ് നിർവ്വഹിച്ചു. കാർഷിക രംഗത്ത് വലിയ മാറ്റങ്ങൾ ഇനിയും ഉണ്ടാകേണ്ടതുള്ളതിനാൽ കാർഷികമേഖലയെ മെച്ചപ്പെടുത്തുന്നതിനാവശ്യമായ ഒരു പുതിയ കാർഷികനയം രൂപീകരിക്കുന്നതിന് സർവ്വെ ഉപകാരപ്രദമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ മേരി ജോർജ് അദ്ധ്യക്ഷത വഹിച്ചു.
ജില്ലയിൽ 54 തദ്ദേശസ്വയഭരണ സ്ഥാപനങ്ങളിലായി 861 വാർഡുകളിലെ ഭൂമി സംബന്ധമായ വിവരങ്ങൾ സർവ്വേയ്ക്കായി താൽകാലികമായി തെരഞ്ഞെടുത്തിട്ടുള്ള എന്യൂമറേറ്റർമാർ മൊബൈൽ ആപ്ലിക്കേഷൻ മുഖേനയാണ് ശേഖരിക്കുന്നത്. സെൻസസിന്റെ നടത്തിപ്പ് ചുമതല സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിനാണ്.
ചടങ്ങിൽ സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് അഡീഷണൽ ഡയറക്ടർ (പ്രൈസസ്) ബി. ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്ലാനിംഗ് ആഫീസർ ഡോ. സാബു വർഗ്ഗീസ്, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ കുര്യാക്കോസ് കെ. വി., കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സെലിനാമ്മ കെ.പി എന്നിവർ പ്രസംഗിച്ചു.