തൊടുപുഴ: പഞ്ചായത്തംഗത്തെ ജാതി പേര് വിളിച്ച് അധിക്ഷേപിക്കുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. കരിങ്കുന്നം പഞ്ചായത്ത് പതിനൊന്നാം വാർഡംഗം ഹരിദാസിനെ ഉപദ്രവിച്ച കേസിൽ തോയിപ്ര മലയിൽ അഭിജിത്ത് (25), തോയിപ്ര പാറടിയിൽ വീട്ടിൽ ആൽബിൻ ബെന്നി (21) എന്നിവരാണ് അറസ്റ്റിലായത്. അഭിജിത്തിനെതിരെ തൃശൂർ വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ അടിപിടി കേസും മോഷണ കേസും കാലടി സ്റ്റേഷനിൽ സംഘം ചേർന്ന് വീട് കയറി ആക്രമിച്ച കേസുമുണ്ട്. ഇയാളെ വീട്ടിൽ നിന്നാണ് അറസ്റ്റ്‌ ചെയ്തത്. ആൽബിൻ ബെന്നിയെ ഉദുമൽപേട്ടയിൽ നിന്ന് കൂട്ടിക്കൊണ്ടുവന്ന് പരാതിക്കാരനെ കാണിച്ച് ബോദ്ധ്യപ്പെട്ട ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. തൊടുപുഴ ഡിവൈ.എസ്.പി മധു ബാബുവിന്റ നിർദേശനുസരണം കരിങ്കുന്നം എസ്.ഐ ബിജു ജെയിംസ്, എ.എസ്.ഐമാരായ ഷംസുദീൻ, ഉണ്ണികൃഷ്ണൻ, എസ്.സി.പി.ഒ ഹരീഷ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.