തൊടുപുഴ: നഗരസഭ പരിധിയിൽ പരിസ്ഥിതിക്ക് കോട്ടം വരുത്തുന്ന രീതിയിൽ ചതുപ്പുകളും നിലങ്ങളും നികത്തുന്നതിനെതിരെ അടിയന്തിര നടപടിയുമായി നഗരസഭാ ഭരണ സമിതി. ഇതിന്റെ ഭാഗമായി നിലം നികത്തൽ നടത്തുന്നവർക്കെതിരെ കർശന നിയമ നടപടികൾ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് കത്ത് നൽകാൻ നഗരസഭാ ജൈവ വൈവിദ്ധ്യ മാനേജ്‌മെന്റ് കമ്മിറ്റി യോഗം തീരുമാനിച്ചു. നഗരസഭാ ചെയർമാൻ സനീഷ് ജോർജിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മുനിസിപ്പൽ സെക്രട്ടറി കവിത എസ്.കുമാർ, ജൈവ വൈവിധ്യ ബോർഡ് ജില്ലാ കോഡിനേറ്റർ അശ്വതി വി.എസ്, അഗ്രികൾച്ചർ ഫീൽഡ് ഓഫീസർ സൽമ.എം.എച്ച്, കൃഷി അസിസ്റ്റന്റ് സന്ധ്യ ജി.എസ്, നഗരസഭാ ബി.എം.സി കൺവീനർ എൻ. രവീന്ദ്രൻ, കമ്മിറ്റി അംഗങ്ങളായ എം.എൻ. ജയചന്ദ്രൻ, അരുണിമ കെ.എൻ, ജമീല.കെ തുടങ്ങിയവർ പങ്കെടുത്തു.