ചെറുതോണി: ഇടുക്കി ഗവ. മെഡിക്കൽ കോളജിൽ ദേശീയ മെഡിക്കൽ കമ്മിഷന്റെ അനുമതി ലഭിച്ച 100 എം.ബി.ബി.എസ് സീറ്റുകളിലേക്കുള്ള പ്രവേശനം 22ന് ആരംഭിക്കും. പുതിയ ബാച്ചിലേക്കുള്ള പ്രവേശനോത്സവം നവംബർ 15ന് ജില്ലയുടെ തന്നെ ആഘോഷമാക്കി മാറ്റാൻ മന്ത്രി റോഷി അഗസ്റ്റിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഹോസ്പിറ്റൽ വികസന സൊസൈറ്റി യോഗത്തിൽ തീരുമാനിച്ചു. പ്രവേശനോത്സവ ചടങ്ങിൽ മുഖ്യമന്ത്രിയെ പങ്കെടുപ്പിക്കാൻ ശ്രമിക്കുമെന്ന് മന്ത്രി പറഞ്ഞു. മെഡിക്കൽ കോളേജിൽ പ്രവേശനം നേടിയെത്തുന്ന കുട്ടികൾക്കുള്ള താമസം, യാത്ര, ഭക്ഷണം എന്നിവയുമായി ബന്ധപ്പെട്ട് ലഭ്യമായ സൗകര്യങ്ങൾ യോഗത്തിൽ അവലോകനം ചെയ്തു. വിദ്യാർത്ഥികളുടെ താമസത്തിനുള്ള ഹോസ്റ്റൽ നിർമ്മാണം പൂർത്തിയാകാൻ ആറുമാസമെടുക്കും. അതുകൊണ്ട് താത്കാലികമായി ആൺകുട്ടികളുടെ താമസത്തിന് പി.ഡബ്ല്യു.ഡിയുടെ 10 ക്വാർട്ടേഴ്‌സുകൾ ഒഴിപ്പിച്ച് സജ്ജമാക്കിയിട്ടുണ്ട്. പെൺകുട്ടികൾക്ക് താമസിക്കാൻ ഗിരിറാണി വർക്കിങ് വിമൻസ് ഹോസ്റ്റലും ഒരുക്കിയിട്ടുണ്ട്. ഗിരിറാണിയിൽ മെസ് സൗകര്യമുണ്ട്. ആൺകുട്ടികളുടെ ഹോസ്റ്റലിൽ ഹോസ്പിറ്റൽ കാന്റീനിൽ നിന്ന് ഭക്ഷണം എത്തിക്കും. കോളേജിലേക്കും തിരിച്ചുമുള്ള കുട്ടികളുടെ യാത്രയ്ക്ക് നിലവിൽ ഒരു ബസ് മാത്രമാണുള്ളത്. ഇതിനായി പൈനാവ് മോഡൽ പോളിടെക്‌നിക്കിലേക്ക് എം.എൽ.എ ഫണ്ടിൽ നിന്ന് അനുവദിച്ച ബസ് കൂടി ഉപയോഗിക്കും. മറ്റൊരു ബസ് കൂടി എം.എൽ.എ ഫണ്ടിൽ നിന്ന് ഉടൻ നൽകുമെന്നും മന്ത്രി വാഗ്ദാനം ചെയ്തു. ആവശ്യമെങ്കിൽ കെ.എസ്.ആർ.ടി.സി ബസും വാടകയ്ക്കെടുക്കും. മെഡിക്കൽ കോളേജിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കാൻ മന്ത്രി അടിയന്തര നടപടിയെടുക്കും. മെഡിക്കൽ കോളേജിലേക്ക് അധികമായി വേണ്ടിവരുന്ന വെള്ളത്തിന് നിലവിലെ ടാങ്ക് കൂടാതെ പ്രദേശത്ത് ലഭ്യമായ ഒരു ലക്ഷം ലിറ്റർ വെള്ളം ഉൾക്കൊള്ളാവുന്ന ടാങ്കിലേക്ക് വാട്ടർ അതോറിട്ടി ഉടൻ കണക്ഷൻ നൽകും. ഇതിനാവശ്യമായ പണവും എം.എൽ.എ ഫണ്ടിൽ നിന്ന് നൽകും. പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് മൂന്നിന് മന്ത്രിയുടെ നേതൃത്വത്തിൽ സർവകക്ഷി യോഗം ചേരും. ബന്ധപ്പെട്ട സബ് കമ്മറ്റികൾ അന്ന് രൂപീകരിക്കും. 27 ന് ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ പങ്കാളിത്തത്തോടെ മെഡിക്കൽ കോളേജ് അക്കാദമിക് ബ്ലോക്കിൽ നിന്ന് പ്രിൻസിപ്പൽ ഓഫീസ് വരെ റോഡ് സജ്ജമാക്കും. ജില്ലാ ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ സി.വി. വർഗീസ്, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. മീന ഡി,​​ മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. സുരേഷ് വർഗീസ്,​ ആശുപത്രി വികസന സൊസൈറ്റി അംഗങ്ങൾ,​ വിവിധ വകുപ്പ് പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

മെഡിക്കൽ കോളേജ് ജംഗ്ഷനാക്കും
മെഡിക്കൽ കോളേജ് ബസ് സ്റ്റോപ്പ് പി.ഡബ്ല്യു.ഡിയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളേജ് ജംഗ്ഷനായി വികസിപ്പിക്കും. ഭാവിയിൽ ചെറുതോണി മുതൽ മെഡിക്കൽ കോളേജ് ജങ്ഷൻ വരെ ടൗൺഷിപ്പ് ഒരുക്കും. ഇത് പൊതുമരാമത്ത് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയുണ്ട്.