
തൊടുപുഴ: ഇടുക്കി പ്രസ് ക്ലബിന് സമീപമുള്ള നടപ്പാതയോട് ചേർന്ന് വഴിയാത്രക്കാർക്ക് തടസമായി വൈദ്യുതി പോസ്റ്റിൽ സ്ഥാപിച്ചിരിക്കുന്ന കേബിളുകൾ നീക്കി. വാർത്ത ശ്രദ്ധയിൽപ്പെട്ട കെ.എസ്.ഇ.ബി ഡിസ്ട്രിബ്യൂഷൻ വിഭാഗം മധ്യമേഖല ചീഫ് എൻജിനിയർ ജെയിംസ് ജോർജ് പ്രശ്‌നത്തിൽ ഇടപെടുകയായിരുന്നു. ഇദ്ദേഹത്തിന്റെ നിർദേശ പ്രകാരം കേബിൾ സ്ഥാപിച്ച ജീവനക്കാരെത്തി ഇവ ഉയർത്തിയും ഒതുക്കിയും കെട്ടുകയായിരുന്നു. ഈ വഴിയിൽ നിത്യേന സ്ത്രീകളും കുട്ടികളുമടക്കം നിരവധി ആളുകളാണ് യാത്ര ചെയ്യുന്നത്. കൂടാതെ സർക്കാർ ഓഫീസുകളടക്കം നിരവധി സ്ഥാപനങ്ങൾ സ്ഥിതിചെയ്യുന്നതും തിരക്കുള്ള പാതകൂടിയാണിത്. സമാനമായി നഗരത്തിൽ നിരവധിയിടങ്ങളിലാണ് ഇത്തരത്തിൽ അലക്ഷ്യമായി കേബിളുകൾ സ്ഥാപിച്ചിരിക്കുന്നത്.