മുള്ളരിങ്ങാട്: ഒരുമാസം മുമ്പ് നിർമാണം പൂർത്തിയാക്കിയ കലുങ്ക് മലവെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയി. മുള്ളരിങ്ങാട് -വെള്ളക്കയം റോഡിൽ അമ്പലപ്പടിക്ക് സമീപം മമ്പാറ തോടിന് കുറുകെ കഴിഞ്ഞ മാസം 18ന് നിർമാണം പൂർത്തീകരിച്ച കലുങ്കാണ് വ്യാഴാഴ്ച രാത്രി പെയ്ത കനത്ത മഴയിൽ ഒലിച്ചു പോയത്. സമീപത്തെ പുരയിടങ്ങളിൽ വെള്ളം കയറാനും ഇതുകാരണമായി. കുന്നപ്പിള്ളിൽ സേവ്യറിന്റെ ആടും ആയിരത്തോളം തേങ്ങയും ഒഴുകിപ്പോയി. നിരവധിപ്പേർക്ക് കൃഷിനാശവും സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം അഞ്ചിനുണ്ടായ മലവെള്ളപ്പാച്ചിലിലാണ് ഈ ഭാഗത്തെ പഴയ കലുങ്ക് ഒഴുകിപ്പോയത്. തുടർന്ന് എം.എൽ.എ ഇടപെട്ടാണ് താത്കാലിക കലുങ്ക് നിർമിക്കാൻ നടപടി സ്വീകരിച്ചത്. കലുങ്കിനടിയിൽ കൂടി വെള്ളം ഒഴുകാൻ ചെറിയ പൈപ്പ് സ്ഥാപിച്ചപ്പോൾ ഇത് അനുയോജ്യമല്ലെന്ന് നാട്ടുകാരുൾപ്പെടെ ചൂണ്ടിക്കാട്ടിയിരുന്നു. മലവെള്ളം കുതിച്ചെത്തിയപ്പോൾ വെള്ളം ചെറിയ പൈപ്പിൽ കൂടി ഒഴുകാൻ കഴിയാതെ കെട്ടിനിന്നതാണ് കലുങ്ക് ഒലിച്ചുപോകാൻ കാരണം. നെയ്യശേരി- തോക്കുമ്പൻ റോഡിന്റെ ഭാഗമായതിനാൽ പൊതുമരാമത്ത് വകുപ്പിന് കലുങ്ക് പുതുക്കി നിർമിക്കാനാവില്ല. കെ.എസ്.ടി.പി ഈ റോഡ് നിർമാണത്തിനായി കൈമാറിയിരുന്നു. ഇതിന്റെ നടപടികൾ പൂർത്തിയാക്കി നൽകാത്തതിനാൽ കരാറുകാരനും കലുങ്ക് നിർമാണം നടത്താൻ സാധിക്കില്ല. കലുങ്ക് തകർന്നതോടെ വെള്ളക്കയം, പട്ടയക്കുടി മേഖലകളിലേക്കുള്ള ബസ് ഗതാഗതവും നിലച്ചു.