 
തൊടുപുഴ: മഹാശിലയുഗ കാലത്തിലേതെന്ന് കരുതുന്ന മുനിയറ ഇടവെട്ടി പഞ്ചായത്തിൽ കണ്ടെത്തി. മീൻമുട്ടി പഞ്ചായത്തിലെ ആറാം വാർഡിൽ സാന്റോ തെക്കേന്റെ പുരയിടത്തിലാണ് 1500 മുതൽ 2500 വർഷമെങ്കിലും പഴക്കമുണ്ടെന്ന് കരുതുന്ന മുനിയറ കണ്ടെത്തിയത്. തൊടുപുഴ മേഖലയിൽ ആദ്യമായാണ് ഇത്തരത്തിലുള്ള മുനിയറ കണ്ടെത്തുന്നത്. വേണ്ടത്ര സംരക്ഷണം ലഭിക്കാത്തതിരുന്നാൽ ഇതിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പഞ്ചായത്തിന്റെ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് പഠനത്തിനായി ഫീൽഡ് തല സന്ദർശനത്തിനിടെയാണ് മുനിയറയുടേതിന് സമാനമായ പാറക്കല്ലുകൾ കണ്ടത്. തുടർന്ന് ആർക്കിയോളജി വഭാഗത്തിൽ വിവരം അറിയിക്കുകയും കൊച്ചിയിൽ നിന്ന് ഉദ്യോഗസ്ഥർ സ്ഥലത്ത് സന്ദർശനം നടത്തുകയുമായിരുന്നു. മഹാശിലായുഗത്തിലേതാണ് കണ്ടെത്തിയ മുനിയറയെന്ന് സ്ഥലം സന്ദർശിച്ച ഉദ്യോഗസ്ഥനായ ശ്രീനാഥ് പറഞ്ഞു. ആർക്കിയോളജി വകുപ്പിൽ നിന്ന് ലഭിക്കുന്ന നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ തുടർ നടപടികൾ കെക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ കാലപഴക്കമുള്ള കാര്യങ്ങൾ ഇനി കൃത്യമായി കണ്ടെത്തേണ്ടതുണ്ട്. പ്രദേശത്ത് ഇത്തരത്തിലുള്ള 18 മുനിയറകളുണ്ടായിരുന്നതായി സ്ഥലമുടമ സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ കണ്ടെത്തിയത് കൂടാതെ മറ്റ് രണ്ടെണ്ണത്തിന്റെ അവശിഷ്ടങ്ങൾ കൂടി സ്ഥലത്ത് അവശേഷിക്കുന്നുണ്ട്. ബാക്കിയുള്ളവയെല്ലാം നശിപ്പിക്കപ്പെട്ട് മൺമറഞ്ഞ അവസ്ഥയാണ്. ഈ കല്ലുകൾ വിവിധ ആവശ്യങ്ങൾക്കായി പൊട്ടിച്ച് മാറ്റിയെന്നാണ് വിവരം. ശിലായുഗ കാലത്ത് മൃതദേഹങ്ങൾ സംസ്‌കരിക്കാനായി ഉപയോഗിച്ചവയാണ് ഈ കല്ലറകൾ. ഇതോടെ തൊടുപുഴ മേഖലയിൽ അക്കാലം മുതൽ ജനവാസമുണ്ടായിരുന്നതായുള്ള തെളിവ് കൂടിയാണ് പുറത്ത് വരുന്നത്. മറയൂരിൽ ഇത്തരത്തിലുള്ള മുനിയറകൾ നിരവധിയുണ്ട്.