അടിമാലി: മുള്ളരിക്കുടിയിലും പുലിയെത്തി. കൊന്നത്തടി പഞ്ചായത്തിലെ മുള്ളരിക്കടിയിലാണ് വ്യാഴാഴ്ച അർദ്ധരാത്രിയ്ക്കു ശേഷം നായ്ക്കളെ പിടികൂടിയതെന്നാണ് സംശയം. കല്ലോലിയ്ക്കൽ ജോമോന്റെ വീട്ടുമുറ്റത്ത് നായയുടെ കരച്ചിലും പിടിവലിയുടെ ഉച്ചത്തിലുള്ളശബ്ദവും കേട്ടിരുന്നു. ജോമോൻ സംശയം കാരണം വാതിൽ തുറക്കാൻ കൂട്ടാക്കിയില്ല. രാവിലെയാണ് വീട്ടുമുറ്റത്ത് രക്തവും വലിച്ചിഴച്ചു കൊണ്ടുപോയ പാടുകളും കണ്ടത്. രാത്രി സമയം ഈഭാഗങ്ങളിൽ മഴ പെയ്തിരുന്നതിനാൽ പുലിയുടേതെന്ന് കരുതുന്ന വലിയ കാല്പാടുകൾ മങ്കിൽ പതിഞ്ഞിരുന്നു. സമീപത്ത് കാറ്റാടിപ്പാറയിലെ വീട്ടിൽ വളർത്തിയിരുന്ന നായ അടക്കം മൂന്ന് നായകളെ കാണാതായിട്ടുണ്ട്. പുലി തന്നെയാണെന്ന ഉറച്ച വിശ്വാസത്തിലാണ് നാട്ടുകാർ. എന്നാൽ വനം വകുപ്പധികൃതർ കല്പ്പാടുകൾ വിശദ പരിശോധനയ്ക്കശേഷമേ പുലി സാന്നിദ്ധ്യം സ്ഥിരീകരിയ്ക്കാനാകൂ എന്ന നിലപാടിലാണ്. എന്തായാലും മാങ്കുളത്തിനും ചെങ്കുളത്തിനും ശേഷം ആദ്യമായി കൊന്നത്തടി പഞ്ചായത്തിലും പുലി സാന്നിദ്ധ്യം ഏറെക്കുറെ സ്ഥിരീകരിയ്ക്കാവുന്ന സ്ഥിതിയിലാണ്.സംഭവത്തോടെ നാട്ടുകാർ ഒന്നടങ്കം കടുത്ത ഭീതിയിലായി. പൂർണമായും ജനവാസ മേഖലയായ ഇവിടെ സന്ധ്യ കഴിഞ്ഞാൽ വെളിയിലാറങ്ങാനാകാത്ത സാഹചര്യമാണുള്ളത്. മുള്ളരിക്കുടിയ്ക്കു സമീപമുള്ള പെരിഞ്ചാംകുട്ടി തേക്ക് പ്ലാന്റേഷൻ പുലിയ്ക്ക് സ്വൈരവിഹാരം നടത്താനാവുന്ന മേഖലയാണ്. സമീപ പ്രദേശങ്ങളായ തിങ്കൾക്കാട്, ചുരുളി, കാരിത്തോട്, ഉടുമ്പൻചോല, കൈലാസം അടക്കമുള്ള മേഖലകളിൽ ഏലത്തോട്ടം വ്യാപകമായുള്ളത് പുലിയ്ക്ക് വിലസുന്നതിന് ഏറെ അവസമൊരുക്കുന്നു. പുലിപ്പേടി മൂലം ഏലത്തോട്ടത്തൊഴിലാളികൾ ജോലിയ്ക്കിറങ്ങാൻ മടിയ്ക്കുന്നത് പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. ഇന്ന് വിശദമായ പരിശോധനടത്തുമെന്നും ആവശ്യമെങ്കിൽ ആർ.ആർ.ടി സ്‌ക്വാഡിനെ എത്തിയ്ക്കമെന്നും ഫോസ്റ്റർ ടോമി മാത്യു പറഞ്ഞു.