manakkad
വിമുക്തി- 2022 ലഹരി വിരുദ്ധ പഞ്ചായത്തുതല സമിതി യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടിസ്സി ജോബ് സംസാരിക്കുന്നു

മണക്കാട്: സമൂഹത്തിന്റെ ആരോഗ്യത്തിനും സമാധാനത്തിനും സുരക്ഷിതത്വത്തിനും ഭീഷണിയായി അനുദിനം വളർന്നുവന്നു കൊണ്ടിരിക്കുന്ന എം.ഡി.എം.എ, കഞ്ചാവ് പോലുള്ള ലഹരി പദാർത്ഥങ്ങളുടെ വിൽപനയും ഉപയോഗവും തടയുന്നതിനായി കർമ്മ പരിപാടികൾക്ക് രൂപം നൽകാൻ മണക്കാട് ഗ്രാമ പഞ്ചായത്ത് സാംസ്‌കാരിക നിലയത്തിൽ ചേർന്ന പഞ്ചായത്തുതല ലഹരി വിമുക്ത ക്യാമ്പയിൻ സംഘാടക സമിതി യോഗം തീരുമാനിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടിസ്സി ജോബിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിമുക്തി ക്യാമ്പയിൻ മുഖേന നടപ്പാക്കുന്ന വിവിധ ബോധവത്കരണ പരിപാടികൾ സംബന്ധിച്ചു പൊതുജനങ്ങളുടെ ഇടപെടൽ ആവശ്യമായി വരുന്ന സന്ദർഭങ്ങൾ എക്‌സൈസ് ഉദ്യോഗസ്ഥർ വിശദീകരിച്ചു. വിമുക്തി ലഹരി വിരുദ്ധ ക്യാമ്പയിൻ ഗ്രാമതലത്തിൽ സംഘടിപ്പിക്കുന്നതിനായി രൂപീകരിച്ച വാർഡുതല സമിതികളുടെ നേതൃത്വത്തിൽ ഗ്രാമസഭകൾ,​ സ്‌കൂൾ തലയോഗങ്ങൾ,​ പ്രാദേശിക കൂട്ടായ്മകൾ എന്നിവയിലൂടെ വിവിധ പരിപാടികളും സംഘടിപ്പിക്കും. നമ്മുടെ യുവതലമുറയെയും കുട്ടികളെയും കാർന്നു തിന്നുന്ന ഈ മാരകമായ വിപത്തിനെതിരെ പഞ്ചായത്തുതല സംഘാടക സമിതിയുടെ നേതൃത്വത്തിൽ പ്രാദേശിക കൂട്ടായ്മകൾ,​ കുടുംബശ്രീ പ്രവർത്തക​​ർ,​യുവജന സംഘടനകൾ, സന്നദ്ധ പ്രവർത്തകർ, ആരോഗ്യ പ്രവർത്തകർ, വിവിധ രാഷ്ടീയ പാർട്ടി പ്രതിനിധികൾ, വിവിധ മതസംഘടനകൾ തുടങ്ങിയവയുടെ സഹകരണത്തോടെ വിപുലമായ ലഹരി വിരുദ്ധ പ്രവർത്തന ക്യാമ്പയിൻ സംഘടിപ്പിക്കുന്നതിന് യോഗം തീരുമാനിച്ചു.