തൊടുപുഴ: നഗരസഭാ പരിധിയിൽ പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന വിധം അനധികൃതമായി നിലങ്ങളും ചതുപ്പുകളും നികത്തുന്നത് വ്യാപകമാകുന്നു. നഗരസഭയുടെ പല പ്രദേശങ്ങളിലും മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി നെൽപ്പാടങ്ങൾ നികത്തുന്നുണ്ട്. ചില ഉദ്യോഗസ്ഥരെ സ്വാധീനിച്ച് നേടിയെടുക്കുന്ന കെട്ടിട നിർമ്മാണ അനുമതിയുടെ മറവിലും ചില കോടതി വിധികളുടെ മറവിലുമാണ് മണ്ണ് മാഫിയ അവധി ദിനങ്ങളിലും രാത്രിയും നികത്തൽ നടത്തിക്കൊണ്ടിരിക്കുന്നത്. അവധി ദിനങ്ങളിൽ തൊടുപുഴ താലൂക്കിലെ വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ഭൂമികൈയേറ്റം, നിലം നികത്തൽ, മണ്ണെടുപ്പ്, മണൽ വാരൽ, തുടങ്ങി അനധികൃത നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന പരാതികളും വ്യാപകമാണ്. പലപ്പോഴും സ്റ്റോപ് മെമ്മോ അടക്കം നൽകുമെങ്കിലും ഇവർ മടങ്ങുന്നതിന് തൊട്ടടുത്ത നിമിഷം വീണ്ടും നികത്തൽ തുടരുന്ന സാഹചര്യമാണ്. മുതലക്കോടം, വെങ്ങല്ലൂർ ഷാപ്പും പടി, മങ്ങാട്ടുകവല ബൈപാസ്, സമീപ പഞ്ചായത്തുകൾ എന്നിവിടങ്ങളിലൊക്കെ അനധികൃതമായി നിലം നികത്തൽ നടക്കുന്നുണ്ട്. ചില പൊലീസ് ഉദ്യോഗസ്ഥരുടെ സ്വാധീനവും മണ്ണ് മാഫിയക്ക് തുണയാവുകയാണ്. നഗരത്തിലെ വിവിധ പ്രദേശങ്ങളിലെ പാടങ്ങളും ചെറു കൈത്തോടുകളുമടക്കം നികത്തിയതാണ് ഇപ്പോഴത്തെ വെള്ളക്കെട്ടിന് പ്രധാന കാരണമെന്ന് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. വെള്ളക്കെട്ട് വ്യാപാരികൾക്കും നഗരത്തിലെത്തുന്ന യാത്രക്കാർക്കും സൃഷ്ടിക്കുന്ന പ്രതിസന്ധിയും കുറവല്ല.

നെൽകൃഷി കുറയുന്നു
പാടങ്ങൾ അപ്രത്യക്ഷമായി തുടങ്ങിയതോടെ തൊടുപുഴ താലൂക്കിൽ നെൽകൃഷിയും കുറഞ്ഞ് വന്നുകൊണ്ടിരിക്കുകയാണ്. നിലവിൽ തൊടുപുഴ താലൂക്കിൽ 20 ഹെക്ടർ നെൽകൃഷിയാണ് ഉള്ളത്. അഞ്ച് വർഷം മുമ്പ് ഇത് 30 ഹെക്ടറായിരുന്നു. ചെറിയൊരു മഴ പെയ്താൽ പോലും നഗരത്തിൽ വെള്ളക്കെട്ടുണ്ടാകുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.

കളക്ടർക്ക് കത്ത് നൽകും

പരിസ്ഥിതിക്ക് വിഘാതമായി നടക്കുന്ന പ്രവർത്തനങ്ങൾ അടിയന്തിരമായി നിറുത്തിവയ്ക്കാനും അങ്ങനെ ചെയ്യുന്നവർക്കെതിരെ കർശന നിയമ നടപടികൾ കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ട് കളക്ടർക്ക് കത്ത് നൽകാൻ നഗരസഭ ജൈവ വൈവിധ്യ മാനേജ്‌മെന്റ് കമ്മിറ്റി യോഗം തീരുമാനിച്ചു. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ജൈവ വൈവിധ്യ മാനേജ്‌മെന്റ് കമ്മിറ്റി നിലവിലുണ്ട്. ജൈവ വിഭവങ്ങളുടെ സംരക്ഷണം, സുസ്ഥിരമായ ഉപയോഗം അവയുടെ നീതിപൂർവമായ പങ്കുവയ്ക്കൽ എന്നിവയാണ് ജൈവ വൈവിധ്യ പരിപാലന സമിതിയുടെ പ്രാഥമിക കർത്തവ്യം.

കർശന നടപടിയെടുക്കണം: സി.പി.ഐ

തൊടുപുഴ: താലൂക്കിന്റെ വിവിധ പ്രദേശങ്ങളിൽ ഭൂമാഫിയ നടത്തുന്ന നിലം നികത്തലിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ ആവശ്യപ്പെട്ടു. ബന്ധപ്പെട്ട കേന്ദ്രങ്ങൾ എത്രയും വേഗം ഇതിനെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ ജല സ്രോതസ് ഉൾപെടെ ഇല്ലാതാക്കുമെന്ന് തൊടുപുഴ മണ്ഡലം സെക്രട്ടറി വി.ആർ. പ്രമോദ് പറഞ്ഞു.