accident
പതിനാലാം മൈലിൽ താഴ്ചയിലേക്ക് മറിഞ്ഞ കാർ

അടിമാലി: കൊച്ചി- ധനുഷ്‌കോടി ദേശീയ പാതയിൽ മച്ചിപ്ലാവ് പതിനാലാം മൈലിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് ഒരു വയസുള്ള കുട്ടിയടക്കം ആറ് പേർക്ക് പരിക്ക്. അടിമാലി ബിസ്മി മൻസിൽ ബീവി (38), അൽസിയ (22), തൊടുപുഴ തെമ്മനാപറമ്പിൽ നെസിയ (36), യാസിൻ മുഹമ്മദ് (14), അടിമാലി കൊല്ലംകുടി ഷാബിൻ(20), ഒരു വയസുള്ള കുട്ടി എന്നിവർക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച രാത്രി പത്തരയോടെ പതിനാലാം മൈലിലായിരുന്നു അപകടം. രാത്രി തൊടുപുഴയിൽ നിന്ന് അടിമാലിക്ക് വരുംവഴിയാണ് നിയന്ത്രണം വിട്ട കാർ കൊക്കയിലേക്ക് മറിഞ്ഞത്. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിച്ചത്. തൊടുപുഴയിൽ നിന്ന് അടിമാലിയ്ക്ക് വരികയായിരുന്നു കാർ. അടിമാലി സ്വദേശിയായ നെസിയുടെ കുടുംബം അടുത്തിടെ തൊടുപുഴയിൽ നിന്ന് വാങ്ങിയതാണ് ഈ വാഹനം. ഇവർ തൊടുപുഴയിലെത്തി വാഹനം അടിമാലിക്ക് കൊണ്ടുവരികയായിരുന്നു. തൊടുപുഴയിൽ താമസിക്കുന്ന ഇവരുടെ ബന്ധുക്കളെയും യാത്രയിൽ ഒപ്പം കൂട്ടി. നെസിയ, യാസിൻ മുഹമ്മദ് എന്നിവർ കോലഞ്ചേരി മെഡിക്കൽ കോളേജിലും ശേഷിക്കുന്നവർ അടിമാലി താലൂക്ക് ആശുപത്രിയിലും ചികിത്സയിലാണ്. ഡ്രൈവർ ഉറങ്ങി പോയതാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.