തൊടുപുഴ: കേരള എൻ.ജി ഒ യൂണിയന്റെ 49-ാമത് ജില്ലാ സമ്മേളനം കുയിലിമല ജില്ലാ പഞ്ചായത്ത് ഹാളിൽ ചേരും. 23ന് എറണാകുളത്ത് ചേരുന്ന 59-ാം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായിട്ടാണ് ജില്ലാ സമ്മേളനം. രാവിലെ ഒമ്പതിന് ജില്ലാ പ്രസിഡന്റ് കെ.കെ. പ്രസുഭകുമാർ പതാക ഉയർത്തും. തുടർന്ന് ജില്ലാ പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി എസ്. സുനിൽകുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. ജില്ലാ ട്രഷറർ കെ.സി. സജീവൻ വരവ് ചെലവും കണക്കും അവതരിപ്പിക്കും. ഉച്ചയ്ക്ക് ചേരുന്ന പുതിയ കൗൺസിൽ യോഗം പുതിയ ഭാരവാഹികളെയും ജില്ലാ കമ്മിറ്റിയംഗങ്ങളെയും തിരഞ്ഞെടുക്കും. ഉച്ചയ്ക്ക് രണ്ടിന് ചേരുന്ന പ്രതിനിതി സമ്മേളനം ഡി.വൈ.എഫ്.ഐ മുൻ അഖിലേന്ത്യാ പ്രസിഡന്റ് എൻ.എൻ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യും. തുടർന്ന് സംസ്ഥാന കമ്മിറ്റിയംഗം എൽ. മായ സംഘടനാ റിപ്പോർട്ട് അവതരിപ്പിക്കും. യൂണിയൻ സംസ്ഥാന സെക്രട്ടറി ആർ. സാജൻ ചർച്ചകൾക്ക് മറുപടി പറയും. ജില്ലയിലെ ഒമ്പത് ഏരിയകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 160 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. സംസ്ഥാന സെക്രട്ടേറിയറ്റംഗം ടി.എം. ഹാജറ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സി.എസ്. മഹേഷ് എന്നിവർ പങ്കെടുക്കും.