തൊടുപുഴ: വിവിധ ആവശ്യങ്ങളുന്നയിച്ച് സപ്ലൈകോ എംപ്ലോയീസ് അസോസിയേഷൻ എ.ഐ.ടി.യു.സിയുടെ (സി.ഇ.എ) നേതൃത്വത്തിൽ സപ്ലൈകോ ജീവനക്കാർ സംസ്ഥാന വ്യാപകമായി വിൽപനശാലകൾ അടച്ചിട്ട് 19ന്‌ സൂചനാസമരം നടത്തും. 2019 ജൂലായ് മുതൽ ലഭിക്കാനുള്ള ശമ്പളപരിഷ്‌കരണം ഉടൻ നടപ്പാക്കുക, 50 വയസ് പൂർത്തിയായ ജീവനക്കാർക്ക് ഡിപ്പാർട്ട്‌മെന്റ്‌ ടെസ്റ്റ് ഇളവ്‌ നൽകുക, ലാഭനഷ്ടം കണക്കാക്കി മെഡിക്കൽ സ്റ്റോർ നിറുത്തലാക്കുന്ന നടപടി അവസാനിപ്പിക്കുക, ഫാർമസിസ്റ്റുകളുടെ വേതനം പരിഷ്‌കരിക്കുക, കോമൺ സർവീസ് റൂൾ അപാകതകൾ പരിഹരിക്കുക, സപ്ലൈകോ ജീവനക്കാർക്ക്‌ മെഡിസെപ് ആനുകൂല്യം ലഭ്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്‌ സമരം. തൊടുപുഴ താലൂക്കിലെ ജീവനക്കാർ തൊടുപുഴ- കാഞ്ഞിരമറ്റം ബൈപാസിലുള്ള സപ്ലൈകോ പീപ്പിൾസ് ബസാറിന് മുന്നിൽ ധർണ്ണ നടത്തുമെന്ന് താലൂക്ക്‌ സെക്രട്ടറി ജിബി ജോസഫ് അറിയിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി കെ. സലിംകുമാർ രാവിലെ 10.30ന് ധർണ്ണ ഉദ്ഘാടനം ചെയ്യും.