തൊടുപുഴ: ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് ജില്ലാ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും കേരളകൗമുദിയുടെയും ആഭിമുഖ്യത്തിൽ നാളെ രാവിലെ 10ന് തൊടുപുഴ എ.പി.ജെ അബ്ദുൾകലാം ഹയർസെക്കൻഡറി സ്കൂളിൽ ഭക്ഷ്യസുരക്ഷാ ബോധവത്കരണ സെമിനാറും ക്ളാസും സംഘടിപ്പിക്കും. ഇതോടൊപ്പം തിന,​ ചോളം,​ മുളയരി, ​വരക് ബാർലി,​ മുതിര,​ ചാമ തുടങ്ങിയ ധാന്യങ്ങൾ ഉപയോഗിച്ച് പോഷകകരവും രുചികരവുമായ ഭക്ഷണം തയ്യാറാക്കുന്ന മത്സരം കുട്ടികൾക്കായി സംഘടിപ്പിക്കും. നാല് പേർ വീതമുള്ള നാല് ടീമാണ് പങ്കെടുക്കുന്നത്. ടീം അംഗങ്ങൾ വീട്ടിൽ നിന്ന് ഭക്ഷണം തയ്യാറാക്കിയെത്തിച്ച് സ്കൂളിൽ അവതരിപ്പിക്കും. മത്സരത്തിൽ ഒന്ന്, രണ്ട്, മൂന്ന്, നാല് സ്ഥാനം നേടുന്ന കുട്ടികൾക്ക് യഥാക്രമം 3000, 2000, 1000, 500 രൂപ വീതം സമ്മാനമായി നൽകും. കുട്ടികൾക്ക് ഭക്ഷ്യസുരക്ഷാ മൊബൈൽ ലാബ് കാണുന്നതിനും അവർ കൊണ്ടുവരുന്ന ഭക്ഷണ സാമ്പിളുകൾ ലാബിൽ പരിശോധിക്കുന്നതിനും അവസരം ലഭിക്കും. സെമിനാർ പി.ടി.എ പ്രസിഡന്റ് പി.എം. അബ്ദുൾ സമദിന്റെ അദ്ധ്യക്ഷതയിൽ നഗരസഭാ ചെയർമാൻ സനീഷ് ജോർജ്ജ് ഉദ്ഘാടനം ചെയ്യും. പ്രിൻസിപ്പൽ ജയകുമാരി വി,.ആർ,​ ഹെഡ്മിസ്ട്രസ് സുഷമ. പി എന്നിവർ സംസാരിക്കും. സുരക്ഷിത ഭക്ഷണത്തെക്കുറിച്ച് ഡയറ്റീഷ്യൻ നിഷ ഷാജു ക്ളാസെടുക്കും. ജില്ലാ ഫുഡ് സേഫ്‌റ്റി അസി. കമ്മിഷണർ എം.ടി. ബേബിച്ചൻ സ്വാഗതവും കേരളകൗമുദി ചീഫ് സബ് എഡിറ്റർ പി.ടി. സുഭാഷ് നന്ദിയും പറയും.