patient

മറയൂർ: ക്യാൻസർ ബാധിച്ച് അവശനിലയിൽ ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിലെ ചമ്പക്കാട് ആദിവാസി കോളനിയിൽ കഴിഞ്ഞിരുന്ന സ്ത്രീയെ പട്ടികവർഗ്ഗ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്റെ നിർദ്ദേശ പ്രകാരം ഉദ്യോഗസ്ഥരെത്തി ആശുപത്രിയിലേക്ക് മാറ്റി. ചമ്പക്കാട് ആദിവാസി കോളനിയിലെ ബിജുവിന്റെ ഭാര്യ വിജയായാണ് സ്തനാർബുദം കൂടി വ്രണമായി അവശയായി വീടിനുള്ളിൽ തന്നെ കഴിഞ്ഞത്. കാന്തല്ലൂർ ഗ്രാമ പഞ്ചായത്തിലെ ചമ്പക്കാട് ആദിവാസി ഊര് ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിലാണ്. വാഹന ഗതാഗതവും വൈദ്യുതിയും എത്തിചേരാത്ത കോളനിയാണ് ഇവിടം. മന്ത്രിയുടെ നിർദ്ദേശ പ്രകാരം അടിമാലിയിൽ നിന്ന് ട്രൈബൽ ഡവലപ്‌മെന്റ് ഓഫീസർ അടക്കമുള്ളവരുടെ നേതൃത്വത്തിൽ വനത്തിനുള്ളിലൂടെ വിജയയെ മറയൂർ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ എത്തിക്കുകയായിരുന്നു. ഒരു വർഷം മുമ്പാണ് വിജയയ്ക്ക് രോഗം സ്ഥിരീകരിച്ചത്. പിന്നീട് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ശസ്ത്രക്രിയ ചെയ്യാനുള്ള വിമുഖത കാരണവും കോട്ടയം മെഡിക്കൽ കോളേജിലെ അപരിചത്വവും കാരണം കാടിനുള്ളിൽ നിന്നെത്തിയ ഇവർ മടങ്ങി പോവുകയായിരുന്നു. പിന്നീട് ഉദുമലപേട്ട സർക്കാർ ആശുപത്രിയിലാണ് ചികിത്സ തേടിയത്. കഴിഞ്ഞ ആഴ്ച തികച്ചും അവശനിലയിലായതിനെ തുടർന്ന് വനം വകുപ്പിൽ നിന്ന് ചികിത്സാ സഹായത്തിനായി ഇരുപതിനായിരം രൂപ അനുവദിച്ചിരുന്നു. തുടർന്ന് തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സക്കായി എത്തിയെങ്കിലും പ്രഥമിക പരിശോധനകൾക്ക് ശേഷം തിരികെ ചമ്പക്കാട് കോളനിയിലേക്ക് മടങ്ങി എത്തി. കൂടുതൽ അവശതയിലായെങ്കിലും വിജയയും വീട്ടുകാരും ആശുപത്രിയിലേക്ക് പോകുന്നതിന് വിമുഖതകാട്ടി. വനം വകുപ്പ് ഉദ്യോഗസ്ഥർ പട്ടികവർഗ്ഗ വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചതനുസരിച്ച് മറയൂർ പഞ്ചായത്തിലെ പാലിയേറ്റീവ് കെയർ യൂണിറ്റിനെ കോളനിയിലെത്തിച്ച് വ്രണം അണുനശീകരിച്ച് മടങ്ങി. പിന്നീട് വിവരം അറിഞ്ഞ മന്ത്രി കെ. രാധാകൃഷണൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതിനെ തുടർന്നാണ് വിജയയെ ആശുപത്രിയിലേക്ക് മാറ്റിയത്.