തൊടുപുഴ: മോട്ടോർ വാഹന വകുപ്പ് നടത്തിയ വാഹന പരിശോധനയ്ക്കിടയിൽ മോഷണം പോയ ബൈക്ക് പിടികൂടി. ആലുവയിൽ നിന്ന് കഴിഞ്ഞ ഏഴിന് മോഷണം പോയ ബൈക്കാണ് തൊടുപുഴ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തത്. തൊടുപുഴ ബസ് സ്റ്റാൻഡിന് സമീപം ഐ.എം.എ റോഡിൽ നമ്പർ പ്ലേറ്റില്ലാതെ പാർക്ക് ചെയ്തിരിക്കുകയായിരുന്നു ബൈക്ക്. ഇന്നലെ വാഹന പരിശോധനയ്ക്കായി മോട്ടോർ വാഹന ഉദ്യോഗസ്ഥർ പോയപ്പോഴാണ് മുന്നിലും പിന്നിലും നമ്പർ പ്ലേറ്റില്ലാത്ത ബൈക്ക് ശ്രദ്ധയിൽപ്പെട്ടത്. വാഹനത്തിന്റെ എൻജിൻ നമ്പർ പരിശോധിച്ച ഉദ്യോഗസ്ഥർ രജിസ്റ്റേഡ് ഉടമയെ കണ്ടെത്തി. ഇദ്ദേഹത്തെ ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് ഒരാഴ്ച മുമ്പ് മോഷണം പോയ കെഎൽ 38 കെ. 618 നമ്പർ ബൈക്കാണെന്ന് വ്യക്തമായത്. ഉടമ ആലുവ പൊലീസിൽ പരാതിയും നൽകിയിരുന്നു. ബൈക്ക് മോഷ്ടിക്കുന്നതിന്റെ സി.സി ടി.വി ദൃശ്യങ്ങളും പൊലീസിനു ലഭിച്ചു. ഒരാഴ്ചയായി ബൈക്ക് ഐ.എം.എ റോഡിൽ പാർക്ക് ചെയ്തിരിക്കുകയായിരുന്നു. മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചതനുസരിച്ച് എസ്‌.ഐ ബൈജു പി. ബാബുവിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി വാഹനം ഏറ്റുവാങ്ങി. ഇവിടെ വാഹനം കൊണ്ടു വച്ച യുവാവിന്റെ സി.സി ടി.വി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിട്ടുണ്ട്. ഇതിൽ നിന്ന് മോഷ്ടാവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. വാഹന പരിശോധനാ സംഘത്തിൽ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരായ കെ.ബി. ബിജീഷ്, ടി.ജെ. അജയൻ, നിസാർ ഹനീഫ, പി.ആർ. രാംദേവ് എന്നിവർ ഉണ്ടായിരുന്നു.