കാഞ്ഞാർ: വാഹനങ്ങൾക്ക് അപകട ഭീഷണി ഉയർത്തി റോഡിന് നടുവിൽ മൺ കൂന .കാഞ്ഞാർ വാഗമൺ ജങ്ഷനിൽ സംസ്ഥാന പാതയിലാണ് കെണിയൊരുക്കി മൺകൂനയുള്ളത്. ജലവിതരണ പൈപ്പിന്റെ തകരാർ പരിഹരിച്ചതിനു ശേഷം കുഴി മൂടിയവർ വേണ്ട വിധം മൂടാത്തതാണ് മൺകൂന ഉണ്ടാകാൻ കാരണമായത് .ഒരാഴ്ച മുൻപ് ജലവിതരണ പൈപ്പിലെ തകരാർ പരിഹരിക്കാൻ ആറടിയോളം താഴ്ചയിൽ കുഴിയെടുത്തിരുന്നു. ഈ സമയം റോഡിന്റെ ഒരു വശത്തിലൂടെയാണ് വാഹനങ്ങൾ കടത്തിവിട്ടിരുന്നത്. പൈപ്പിലെ തകരാർ നന്നാക്കിയതിനു ശേഷം കുഴി, കരാറുകാരൻ നന്നായി മൂടിയില്ല. മണ്ണ് കൂനകൂടി റോഡിൽ കിടക്കുകയാണ്.വിനോദ സഞ്ചാരികളുടെ ഉൾപ്പെടെ നിരവധി വാഹനങ്ങൾ സഞ്ചരിക്കുന്ന പ്രധാന പാതയിലാണ് അലംഭാവത്തോടെ മണ്ണ് ഇട്ടിരിക്കുന്നത്.കഴിഞ്ഞ ദിവസം ഈ മൺകൂനയിൽ കയറി നിയന്ത്രണം വിട്ട കാർ സമീപത്തെ മതിലിൽ ഇടിച്ചാണ് നിന്നത്. രാത്രി സമയത്ത് തൊട്ടടുത്ത് വരുമ്പോൾ മാത്രമാണ് ഡ്രൈവർമാർക്ക് മൺകൂന കാണാൻ കഴിയുന്നത്. വേഗതയിലെത്തുന്ന വാഹനങ്ങൾ മൺകൂനയിൽ കയറി നിയന്ത്രണം നഷ്ടപ്പെടാനുള്ള സാദ്ധ്യത ഏറെയാണ്. ഇരുചക്രവാഹനങ്ങൾക്കും ഈ മൺകൂന വലിയ അപകട ഭീഷണി ഉയർത്തുന്നു. അപകടക്കെണി ഒരുക്കി സംസ്ഥാന പാതയിൽ ഉള്ള മൺകൂന മാറ്റി റോഡ് കുത്തിപ്പൊളിച്ച ഭാഗം ടാറിങ് നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.