കാഞ്ഞാർ: വാഗമൺ സന്ദർശിക്കാൻ എത്തുന്ന വിനോദസഞ്ചാരികൾക്ക് ദിശാബോർഡ് ഇല്ലാത്തതിനാൽ ദിശതെറ്റുന്നതായി പരാതി. എറണാകുളം തൃശൂർ ഭാഗങ്ങളിൽ നിന്നും വരുന്ന വിനോദസഞ്ചാരികൾ വാഗമണ്ണിലേക്ക് എത്താൻ തിരഞ്ഞെടുക്കുന്നത് കാഞ്ഞാർ വഴിയുള്ള പാതയാണ്. കാഞ്ഞാർ വാഗമൺ ജങ്ഷനിൽ ദിശാബോർഡ് ഇല്ലാത്തത് വിനോദസഞ്ചാരികളെ വലയ്ക്കുന്നു. വിനോദസഞ്ചാര കേന്ദ്രങ്ങളിലേയ്ക്ക് ദിശാബോർഡുകൾ സ്ഥാപിക്കുന്നത് മറ്റ് പല ഇടങ്ങളിലും സർവ്വ സാധാരണമാണ്. ഗൂഗിൾ മാപ്പ് വഴി യാത്രചെയ്താൽ പല എളുപ്പവഴികളും അറിയാൻ സാധിക്കില്ല. ഷോർട്ട് കട്ടുകൾ അറിഞ്ഞ് യാത്രചെയ്യാൻ ഇപ്പോൾ സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലാണ് യാത്രക്കാർ വഴി ചോദിക്കുന്നത്.ദിവസേന നൂറ് കണക്കിന് വിനോദസഞ്ചാരികളാണ് വഴി തിരക്കുന്നത് എന്ന് പ്രദേശത്തെ കച്ചവടക്കാർ പറയുന്നു. കുടയത്തൂർ മങ്കൊമ്പ് കാവിനു സമീപത്തായി രണ്ട് ദിശാബോർഡുകൾ വെച്ചിട്ടുണ്ട്. എന്നാൽ ഇത് വാഹനയാത്രക്കാരുടെ ശ്രദ്ധയിൽപ്പെടാത്ത വിധമാണ് വെച്ചിട്ടുള്ളത് .ഈ ദിശാബോർഡും കടന്നെത്തുന്നവരാണ് വാഗമൺ ജങ്ഷനിൽ വന്ന് വഴി ചോദിക്കുന്നത്. നേരത്തെ വാഗമൺ ജങ്ഷനിൽ ചെറിയ ഒരു ദിശാബോർഡ് ഉണ്ടായിരുന്നുന്നു. എന്നാൽ കൂവപ്പള്ളി ഭാഗത്തേക്കുള്ള റോഡിന് ഓട നിർമ്മിച്ച സമയത്ത് ഈ ദിശാബോർഡ് മാറ്റിയിരുന്നു. പിന്നീട് ഇത് പുന:സ്ഥാപിച്ചുമില്ല. വിനോദസഞ്ചാരികൾക്ക് വ്യക്തമായി കാണുന്ന രീതിയിൽ വലിയ ദിശാബോർഡ് സ്ഥാപിക്കണമെന്ന് നാട്ടുകാരും പ്രദേശത്തെ വ്യാപാരികളും ആവശ്യപ്പെട്ടു.