കുമളി:റോസാപ്പൂക്കണ്ടം ദ്രാവിഡ ലൈബ്രറിയുടെ നേതൃത്വത്തിൽ ദേശീയ ഗെയിംസ് ജേതാവ് സച്ചു സിബിയെ ആദരിച്ചു. ലഹരിയിലേക്കുള്ള വഴികൾ തടയാൻ പദ്ധതിയിട്ട് റോസാപ്പൂക്കണ്ടം ദ്രാവിഡ ലൈബ്രറി സംഘടിപ്പിക്കുന്ന വിവിധ പരിപാടികളുടെ ഭാഗമായാണ് സച്ചു സിബിയെയും പ്രതിഭകളെയും ആദരിച്ചത്.
കുമളി പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജിമോൻ ഉദ്ഘാടനംനിർവഹിച്ചു. ചടങ്ങിൽ വി കെ ഷിബു അദ്ധ്യക്ഷനായി.
കലാ, കായികം, സാംസ്‌കാരികം, ആരോഗ്യം, വിദ്യാഭ്യാസം, പരിസ്ഥിതി, പരിശീലനങ്ങൾ, ബോധവൽക്കരണ ക്ലാസുകൾ, പ്രദർശനങ്ങൾ ഉൾപ്പെടെയുള്ള വിവിധങ്ങളായ പ്രവർത്തനങ്ങളിൽ യുവതലമുറയെ പങ്കെടുപ്പിച്ചുകൊണ്ട് ലഹരിയിലേക്ക് പുതുതലമുറ വഴുതി വീഴുന്നത് തടയാനും ലഹരിക്ക് അടിമകളായവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിന് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളാണ് ഏറ്റെടുക്കുന്നത്.
ലഹരി വിമുക്ത ഗ്രാമം പരിപാടിയുടെ ഉദ്ഘാടനം കുമളി എസ്‌ഐ കെ. കെ. നിഖിൽ ഉദ്ഘാടനം ചെയ്തു. ലഹരിയുടെ അപകടങ്ങൾ എന്ന വിഷയത്തിലുള്ള ക്ലാസ് എക്‌സൈസ് പ്രിവന്റീവ് ഓഫീസർ ബി രാജ്കുമാർ നയിച്ചു.
ലൈബ്രറി സെക്രട്ടറി കെ എ അബ്ദുൾ റസാഖ്, പഞ്ചായത്ത് അംഗങ്ങളായ എ കബീർ, രമ്യ മോഹൻ, കുമളി എസ്‌ഐ എം വി സുരേന്ദ്രൻ, നൗഷാദ് എന്നിവർ സംസാരിച്ചു. കായിക പരിശീലകൻ കെ ജെ യാസീൻ, വി കെ ഷിബു, ആന്റോലിന, നന്ദനാ ദേവി, കെ വിഷ്ണു, സുവർണ സിബി എന്നിവരെയും ആദരിച്ചു.