തൊടുപുഴ: ക്ഷീര വികസന വകുപ്പിന്റെയും തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത്, പുറപ്പുഴ ഗ്രാമ പഞ്ചായത്ത് ,തൊടുപുഴ ക്ഷീര വികസന യൂണിറ്റിലെ ക്ഷീര സഹകരണ സംഘങ്ങൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ തൊടുപുഴ ബ്ലോക്ക് ക്ഷീര കർഷക സംഗമം 26ന് രാവിലെ 8ന് പുറപ്പുഴ പുതുച്ചിറക്കാവ് ദേവി ക്ഷേത്ര ആഡിറ്റോറിയത്തിൽ ആരംഭിക്കും. അഡ്വ. ഡീൻ കുര്യാക്കോസ് എം പി പരിപാടി ഉദ്ഘാടനം ചെയ്യും. പി. ജെ. ജോസഫ് എം.എൽ.എ അദ്ധ്യക്ഷനായിരിക്കും. പരിപാടിയോടനുബന്ധിച്ചു കന്നുകാലി പ്രദർശനം, ക്ഷീര കർഷക സെമിനാർ ,പൊതു സമ്മേളനം ,ക്ഷീര കർഷകരെ ആദരിക്കൽ എന്നിവയും നടക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി. കെ. ഫിലിപ്പ്, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ ജോസ് കാവാലത്ത്, പഞ്ചായത്ത് പ്രസിഡന്റുമാർ, ക്ഷീര വികസന വകുപ്പ് ഉദ്യോഗസ്ഥർ, ക്ഷീര സംഘം പ്രതിനിധികൾ, ക്ഷീരകർഷകർ എന്നിവർ പങ്കെടുക്കും.
ക്ഷീര കർഷക സംഗമത്തോടനുബന്ധിച്ചു ക്ഷീര കർഷകർക്കായി ഫാം വീഡിയോ മത്സരം, വിദ്യാർത്ഥികൾക്കായി ചിത്ര രചന മത്സരം എന്നിവ സംഘടിപ്പിക്കുമെന്നു സംഘാടക സമിതി അറിയിച്ചു .മത്സര വിജയികൾക്ക് ക്ഷീര സംഗമ വേദിയിൽ സമ്മാനങ്ങൾ നൽകും. നെടിയശാല ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ ആതിഥേയത്വത്തിലാണ് ക്ഷീര കർഷക സംഗമം നടത്തുന്നത് .