തൊടുപുഴ: സ്കൂൾ വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം നൽകുന്നത് കൂടുതൽ ജനകീയമാക്കുന്നതിനായി 'ഒരുമയോടെ ഒരുമനസ്സായി' എന്ന ക്യാമ്പയിന് തുടക്കമാകുന്നു. നവംബർ ഒന്നു മുതൽ കുട്ടികൾക്ക് ഉച്ചഭക്ഷണം കൂടുതൽ പൊലിമയോടും ആകർഷകവുമായി നൽകുന്നതിന് രക്ഷിതാക്കൾ, വിദ്യാർത്ഥികൾ , അദ്ധ്യാപകർ, അനദ്ധ്യാപകർ, ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, പൂർവ്വവിദ്യാർത്ഥികൾ, ഇതര സുമനസ്സുകൾ എന്നിവരുടെ ജീവിതത്തിലെ ജന്മദിനം പോലുള്ള അവസരങ്ങളിലെ സന്തോഷം സ്‌കൂളിലെ കുട്ടികളുമായി പങ്കുവെക്കാനും അതുവഴി കുട്ടായ്മയും ഐക്യവും വർദ്ധിപ്പിക്കുവാനുള്ള സന്ദർഭമാണ് ഒരുക്കുന്നത്. ഇതിനായി ഇത്തരം സന്തോഷകരമായ സാഹചര്യങ്ങളിൽ ഉച്ചഭക്ഷണ പദ്ധതിയിലേയ്ക്ക് സ്വമേധയ സാധ്യമാകുന്ന വിധം അധിക വിഭവങ്ങൾ നൽകി പദ്ധതിയുടെ ജനകീയത വർദ്ധിപ്പിക്കുവാനും അവസരമുണ്ടാകും. കൂടാതെ ഇതിന്റെ ഭാഗമായി തദ്ദേശസ്വയഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ പ്രഭാതഭക്ഷണം കൂടി അർഹരായ കുട്ടികൾക്ക് നൽകുവാനുള്ള പരിശ്രമങ്ങളിൽ പങ്കാളികളുമാകാം.ഇതിന്റെ ഭാഗമായി പി.റ്റി.എ. പ്രസിഡന്റ്, ജനപ്രതിനിധികൾ, പ്രഥമാദ്ധ്യാപകർ, പാചകത്തൊഴിലാളികൾ എന്നിവരുടെ യോഗം സബ്ജില്ലാതലത്തിൽ വിളിച്ചു ചേർത്തു.
ജില്ലയിൽ ഉച്ചഭക്ഷണ പദ്ധതി നടപ്പിലാക്കിവരുന്ന 462 വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി 80868 വിദ്യർത്ഥികൾ ഗുണഭോക്താക്കളാണ്.
പച്ചക്കറി സ്വന്തം തോട്ടത്തിൽനിന്ന്
എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഉച്ചക്ഷണമായി ചോറിനുപുറമേ രണ്ട് തരം കറികളും നൽകി വരുന്നു. കൂടാതെ കുട്ടികൾക്ക് ആഴ്ചയിൽ രണ്ട് തവണ പാലും ഒരു തവണ മുട്ട അല്ലെങ്കിൽ നേന്ത്രപ്പഴവും നൽകുന്നു. പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് നേതൃത്വം നൽകുന്നത് പി.റ്റി.എ./എസ്.എം.സി. പ്രസിഡന്റ് ചെയർമാനായ ഹെഡ്മാസ്റ്റർ, ജനപ്രതിനിധികൾ, അദ്ധ്യാപകർ എന്നിവർ അടങ്ങുന്ന സ്‌കൂൾതല നൂൺമീൽ കമ്മിറ്റിയാണ്. ഭൂരിഭാഗം സ്‌കൂളുകളിലും പച്ചക്കറി തോട്ടത്തിന് രൂപം കൊടുക്കാനും അതുവഴി വിഷരഹിത പച്ചക്കറികൾ ഉപയോഗിച്ചുള്ള വിഭവങ്ങൾ കുട്ടികൾക്ക് നൽകാനും സാധിക്കുന്നു.