prathikal
ആനക്കൊമ്പുമായി അറസ്റ്റിലായവർ

കുമളി:സംസ്ഥാന അതിർത്തിയിൽ വെച്ച് കൈമാറാൻ ബൈക്കിൽ കൊണ്ടുവന്ന ആനക്കൊമ്പുകളുമായി ഏഴുപേർ വനപാലകരുടെ പിടിയിലായി. ആനക്കൊമ്പുകൾ വാങ്ങാനെത്തിയ ഇടുക്കി സ്വദേശികളായ അഞ്ചുപേർ ഉൾപ്പെടെയുള്ള ഏഴു പേരെയാണ് തമിഴ്‌നാട് വനപാലകർ അറസ്റ്റ് ചെയ്തത്.
കുമളി ടൗണിന് സമീപം തമിഴ്‌നാട് വനം വകുപ്പ് ചെക്ക് പോസ്റ്റിൽവെച്ചാണ് വാഹന പരിശോധനക്കിടെ ആനക്കൊമ്പുകളുമായി ലോവർ ക്യാമ്പ് സ്വദേശികളായ മുരുകൻ (62), വെള്ളയ്യൻ (63) എന്നിവർ ആദ്യം പിടിയിലായി.. ഇവരുടെ പക്കൽ നിന്ന് നാല് കിലോയുള്ള രണ്ട് ആനക്കൊമ്പുകളാണ് പിടിച്ചെടുത്തത്.
തുടർന്ന് പ്രതികളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ്‌ആനക്കൊമ്പ് വാങ്ങാൻ എത്തിയവരെക്കുറിച്ചുള്ള വിവരം ലഭിച്ചത്. ഉപ്പുതറ മത്തായിപ്പാറ സ്വദേശി മാത്യു ജോൺ (53), തിരുവനന്തപുരം സ്വദേശി ജോൺസൺ (51),വർക്കല സ്വദേശി നിഥിൻ (30), റാന്നി സ്വദേശി കെ.കെ. അശോകൻ (50), തിരൂർ സ്വദേശി അബ്ദുൽ അസീസ് (34) എന്നിവരെ വനപാലക സംഘം പിടികൂടുകയായിരുന്നു.
പിടിയിലായ പ്രതികൾക്ക് അന്തർസംസ്ഥാന കള്ളക്കടത്ത് സംഘമായി ബന്ധമുണ്ടോയെന്നും മുമ്പ് ജില്ലയിൽ നടന്ന ആനക്കൊമ്പ് വിൽപ്പനയുമായി ബന്ധമുണ്ടോയെന്നും വനം വകുപ്പ് അന്വേഷണം നടത്തി വരികയാണ്.