തൊടുപുഴ: പിണറായി സർക്കാരിന്റെ ജനദ്രോഹനയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനും എം.എം. മണിയുടെ സഹോദരനടക്കമുള്ള നേതാക്കളുടെ കൈയേറ്റഭൂമി സംരക്ഷിക്കാനുമാണ് സി.പി.എമ്മിന്റെ ആർ.ഡി.ഒ ഓഫീസ് സമരമെന്ന് ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു വാർത്താസമ്മേളനത്തിൽ ആരോപിച്ചു. 2021ൽ ജില്ലാ ഭരണകൂടം തയ്യാറാക്കിയ കൈയേറ്റക്കാരുടെ പട്ടികയിൽ എം.എം. മണിയുടെ സഹോദരപുത്രനും നിരവധി സി.പി.എം നേതാക്കളും ഉൾപ്പെട്ടിട്ടുണ്ട്. ഉദ്യോഗസ്ഥരെ ഭീക്ഷണിപ്പെടുത്തി ഇവർക്കെതിരെയുള്ള നടപടി ഒഴിവാക്കാനാണ് സമരത്തിലൂടെ സി.പി.എം ശ്രമിക്കുന്നത്. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ 2021 ചേർന്ന ഉന്നതല യോഗതീരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള പരിശോധനയ്ക്കാണ് ദേവികുളം ആർ.ഡി.ഒ ഇപ്പോൾ നോട്ടീസ് അയച്ചിരിക്കുന്നത്. ഇക്കാലയളവിൽ എം.എം. മണി മന്ത്രിയാണ്. ഈ തീരുമാനത്തിനെതിരെയാണ് സി.പി.എം ഇപ്പോൾ ആർ.ഡി.ഒ ഓഫീസ് വളയുന്നത്. ജില്ലയിലെ ഭൂവിഷയങ്ങളിൽ ജനങ്ങളെ ദ്രോഹിക്കുന്ന നിലപാടാണ് ഇടതു സർക്കാർ കൈക്കൊണ്ടത്. ഇക്കാലയളവിൽ എം.എം. മണി മന്ത്രിയാണ്. പട്ടയഭൂമിയിൽ വീടൊഴികെയുള്ള മറ്റെല്ലാ നിർമ്മാണപ്രവർത്തനങ്ങളും തടഞ്ഞുകൊണ്ട് ഭൂ പതിവ് ചട്ടം ലംഘിച്ചുകൊണ്ടുള്ള നിർമാണം പാടില്ലെന്ന ഉത്തരവിറക്കിയാണ് ജനദ്രോഹനടപടികൾക്ക് തുടക്കം കുറിച്ചത്. സി.എച്ച്.ആറിൽ നിന്ന് മരങ്ങൾ മുറിക്കാൻ പാടില്ലെന്നും മുറിച്ചാൽ നഷ്ടപരിഹാരം നൽകാതെ ഭൂമി ഏറ്റെടുക്കുമെന്നും ഉണ്ടായനഷ്ടം റിക്കവറി നടപടികളിലൂടെ ഈടാക്കുമെന്നുമാണ് എം.എം. മണി മന്ത്രിയായിരുന്ന കാലയളവിൽ ജില്ലാ കളക്ടർ കോടതിയിൽ നൽകിയ സ്റ്റേറ്റ്മെന്റ് ഒഫ് ഫാക്ടിൽ പറയുന്നത്. ഏലം കുത്തകപാട്ട ഭൂമിയിൽ വീട് നിർമ്മാണത്തിന് അനുമതി നൽകേണ്ടതില്ലെന്ന നിർദേശം നൽകിയതും അദ്ദേഹത്തിന്റെ കാലത്താണ്. മൂന്നാറിലെ എട്ട് വില്ലേജുകളിൽ നിർമ്മാണത്തിന് എൻ.ഒ.സി നിർബന്ധമാക്കി ഉത്തരവിറക്കിയത് 2016ൽ ഇടതുസർക്കാരാണ്. സി.എച്ച്.ആർ റിസർവ് ഫോറസ്റ്റാണെന്ന് ഉത്തരവിറക്കുകയും വിവാദമായപ്പോൾ പിൻവലിക്കുകയും ചെയ്തത് ഈ അടുത്ത നാളിലാണ്. കൂടാതെ ചെങ്കുളത്ത് റവന്യൂഭൂമി റിസർവ് ഫോറസ്റ്റാണെന്ന ഉത്തരവിറക്കുകയും ജനവാസമേഖലകൾ ഉൾപ്പടെ ബഫർസോണിന്റെ പരിധിയിലാക്കി ഉത്തരവിറക്കിയയും ചെയ്തു. ജില്ലയിലെ ഭൂ വിഷയങ്ങൾ പരിഹരിക്കാനാണ് സി.പി.എം സമരമെങ്കിൽ വളയേണ്ടത് ആർ.ഡി.ഒ ഓഫീസല്ല സെക്രട്ടറിയേറ്റാണെന്നും ഡി.സി.സി പ്രസിഡന്റ് പറഞ്ഞു. വാർത്താസമ്മേളനത്തിൽ ഡി.സി.സി ജനറൽ സെക്രട്ടറി ബിജോ മാണിയും പങ്കെടുത്തു.