തൊടുപുഴ: കുമാരമംഗലം ദി വില്ലെജ് ഇന്റെർനാഷണൽ സ്‌കൂളിൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഐക്യരാഷ്ട്ര സഭയുടെ മാതൃക ഒരുക്കി. വിദ്യാർത്ഥികൾ വിവിധ രാജ്യങ്ങളിലെ പ്രതിനിധികളായി നിന്നുകൊണ്ട് നിയുക്ത രാജ്യത്തിന്റെ നയങ്ങളും കാഴ്ചപ്പാടുകളും ലോക പ്രശ്‌നങ്ങൾ ചർച്ചചെയ്യുകയും ചെയ്തു.
സ്‌കൂളിലെ സാമൂഹ്യശാസ്ത്രം വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പുതുമയാർന്ന പരിപാടി സംഘടിപ്പിച്ചത്. ഐക്യരാഷ്ടസഭയുടെ ആശയങ്ങളും അവയിൽ ലോകരാജ്യങ്ങളുടെ സ്വാധീനവും വിവിധ വിഷയങ്ങളെ കുറിച്ചുള്ള കാഴ്ചപ്പാടുകളും കുട്ടികളെ മനസ്സിലാക്കി കൊടുക്കുക എന്ന ഉദ്ദേശത്തിലാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്.
വിദ്യാർത്ഥികൾ 8 രാജ്യങ്ങളുടെ പ്രതിനിധികളായി പ്രവർത്തിക്കുകയും മൂന്ന് വ്യത്യസ്ത വേദികളിൽ മൂന്ന് തീമുകളെ കുറിച്ച് ചർച്ച നടത്തുകയും ചെയ്തു. ഐക്യരാഷ്ട്ര രക്ഷാസമിതി, യുനെസ്‌കോ, ഇ.സി.ഒ.എസ്.ഒ.സി എന്നിവയായിരുന്നു 3 കമ്മിറ്റികൾ. നാം ജീവിക്കുന്ന ലോകത്തിൽ വലിയ സ്വാധീനം ചെലുത്തുന്ന രാഷ്ട്രീയ, മാനുഷിക, സാംസ്‌കാരിക പ്രശ്‌നങ്ങളെക്കുറിച്ച് ചർച്ച ചെയ്യുകയും പ്രമേയങ്ങളിൽ യോജിക്കുകയും വിയോജിക്കുകയും ചെയ്തു. ഓരോ ഗ്രൂപ്പിലും വിദ്യാർത്ഥികൾ ഫോട്ടോഗ്രാഫർമാർ, കാരിക്കേച്ചറിസ്റ്റുകൾ, പത്രപ്രവർത്തകർ, അന്താരാഷ്ട്ര പത്രങ്ങൾ എന്നിവരുടെ പങ്ക് അവതരിപ്പിച്ചു.