joby

തൊടുപുഴ: വീട്ടിൽ കയറി ഉറങ്ങിക്കിടന്ന അയൽവാസിയെ വെട്ടിക്കൊന്നു.വണ്ണപ്പുറം ചീങ്കൽസിറ്റി മാനാങ്കുടിയിൽ ജോബി ബേബിയാണ് (45) കൊല്ലപ്പെട്ടത്.കൊലപാതകവുമായി ബന്ധപ്പെട്ട് അയൽവാസി പുത്തൻപുരയിൽ രജീവിനെ (പത്തനംതിട്ട രജീവ്-55) പൊലീസ് അറസ്റ്റ് ചെയ്തു.ഞായറാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം.

കൊലപാതകത്തെക്കുറിച്ച് പൊലീസ് പറയുന്നത്: അയൽവാസികളായിരുന്ന ജോബിയും രജീവും പലപ്പോഴും ഒരുമിച്ചിരുന്ന് മദ്യപിക്കുകയും വഴക്കിടുകയും ചെയ്തിരുന്നു.ഏതാനും ദിവസങ്ങൾക്കു മുൻപ് മദ്യപിച്ച ശേഷം ജോബിയും മറ്റൊരു സുഹൃത്തും ചേർന്ന് പ്രതി രജീവിനെ മർദ്ദിച്ചിരുന്നു.ഞായറാഴ്ച പകൽ സമയത്തും രജീവിനെ അയാളുടെ വീട്ടിലെത്തി മർദ്ദിച്ചിരുന്നു.കാളിയാർ പൊലീസ് സ്റ്റേഷനിലെത്തി മർദ്ദനമേറ്റ വിവരം അറിയിച്ചെങ്കിലും ആശുപത്രിയിൽ ചികിത്സ തേടണമെന്ന് പറഞ്ഞ് പൊലീസ് രജീവിനെ മടക്കി അയച്ചു.തൊടുപുഴയിലെ ജില്ലാ ആശുപത്രിയിൽ നിന്നും മരുന്നുവാങ്ങി രാത്രി വീട്ടിലെത്തി.വാക്കത്തിയെടുത്ത് രാത്രി പത്ത് മണിയോടെ രജീവ് ജോബിയുടെ വീട്ടിലെത്തി ഉറക്കത്തിലായിരുന്ന ജോബിയുടെ വലത് കൈയ്യിൽ ആഞ്ഞ് വെട്ടിയ ശേഷം രക്ഷപ്പെട്ടു.തടിപ്പണി തൊഴിലാളിയായിരുന്ന ജോബിൻ ഭാര്യ പിണങ്ങിപ്പോയതിനെ തുടർന്ന് ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്.ഇന്നലെ രാവിലെ ജോബിയെ അന്വേഷിച്ച് വീട്ടിലെത്തിയ അയൽവാസിയാണ് വെട്ടേറ്റ നിലയിൽ മൃതദേഹം കണ്ടത്.ഉടൻ തന്നെ പൊലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് കാളിയാർ പൊലീസും തൊടുപുഴ ഡിവൈ.എസ്.പി എം.ആർ. മധുബാബു ഉൾപ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.കൈയിലേറ്റ മുറിവിൽ നിന്നുണ്ടായ അമിത രക്തസ്രാവം മരണകാരണമായെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.വിശദമായ പരിശോധനയ്ക്കു ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റി.ഡോഗ് സ്‌ക്വാഡും ഫിംഗർ പ്രിന്റ് വിദഗ്ദ്ധരും സ്ഥലത്ത് എത്തിയിരുന്നു.വീടിന് സമീപം ഒളിച്ചിരുന്ന പ്രതി രജീവ് രാവിലെ കോലാനിയിലെത്തി കോട്ടയം ഭാഗത്തേക്ക് രക്ഷപ്പെടുന്നതിനിടെ 11 മണിയോടെ തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്ത് കാളിയാർ പൊലീസിന് കൈമാറി.പത്തനംതിട്ട,കാളിയാർ സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസിൽ പ്രതിയാണ് രജീവെന്ന് പൊലീസ് പറഞ്ഞു.അവിവാഹിതനായ പ്രതി ഒറ്റക്കായിരുന്നു വീട്ടിൽ താമസിച്ചിരുന്നത്.വൈകിട്ട് പ്രതിയെ കൊലപാതകം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി.പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.