ദർശനും കുടുംബത്തിനും ഇനി ചോർന്നൊലിക്കാത്ത വീട്ടിൽ താമസിക്കാം
പീരുമേട്: വണ്ടിപ്പെരിയാർ വള്ളക്കടവ് ട്രൈബൽ ഹൈസ്‌കൂൾ വിദ്യാർഥിയായ ദർശനും കുടുംബത്തിനും ഇനി മുതൽ ചോർന്ന് ഒലിക്കാത്ത വീട്ടിൽ താമസിക്കാം
വണ്ടിപ്പെരിയാർ വള്ളക്കടവ് ട്രൈബൽ ഹൈസ്‌കൂളിൽ മൂന്നാം ക്ലാസ് വിദ്യാർഥിയായ ദർശനും സംഹോദരിയും അമ്മയും ചാക്കുകൾ കൊണ്ട് മറച്ച് ചോർന്നൊലിക്കുന്ന വീട്ടിലായിരുന്നു താമസം. ഈ വീട്ടിൽ നിന്നാണ് ഇവർ പഠിക്കാനെത്തിയിരുന്നത് എന്ന് ആരും അറിഞ്ഞിരുന്നില്ല. ദർശന്റെ അച്ഛൻ കാളിദാസ് മരണ മടഞ്ഞപ്പോഴാണ് ഈ വീട്ടിൽ നിന്നാണല്ലോ ദർശൻ സ്‌കൂളിൽ എത്തിയത് എന്ന് അദ്ധ്യാപകരും പി.ടി.എ. ഭാരവാഹികളും തിരിച്ചറിഞ്ഞത്. തുടർന്ന് ഇവരെ ആശ്വാസിപ്പിക്കാൻ അദ്ധ്യാപകരും പി.ടി.എ.യും ശ്രമിച്ചു. തുടർന്ന് ഒരു സുരക്ഷിത ഭവനത്തിൽ ഇവരെ താമസിപ്പിക്കാനുള്ള ശ്രമം അദ്ധ്യാപകരും പിടിഎ അംഗങ്ങളും ഏറ്റെടുക്കുകയായിരുന്നു. ഇക്കാര്യം അറിഞ്ഞ സുമനസുകൾ സഹായം നൽകി.
ഇവരുടെ തന്നെ മറ്റൊരുസ്ഥലത്ത് 10 ലക്ഷം രൂപ ചിലവഴിച്ചാണ് ഭവന നിർമ്മാണം പൂർത്തിയായിരിക്കുന്നത്. 20 ന് വണ്ടിപ്പെരിയാർ വള്ളക്കടവ് ട്രൈബൽ ഹൈസ്‌കൂളിൽ നടക്കുന്ന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടി പുതിയ ഭവനത്തിന്റെ താക്കോൽ ദാനം നിർവ്വഹിക്കും.