തൊടുപുഴ: ആശങ്ക ചൊരിഞ്ഞ് ഹൈറേഞ്ച്, ലോറേഞ്ചിലും മണിക്കൂറുകളോലം കനത്ത തുലാമഴ. അടിമാലി മേഖലയിൽ കഴിഞ്ഞ രണ്ടു ദിവസമായി മഴ ശക്തമാണ്. ഇന്നലെയും മിക്കയിടങ്ങളിലും വെള്ളം കയറി. രാത്രി വൈകിയും പെരുമഴ തുടരുകയാണ്. ഞായറാഴ്ച വൈകിട്ട് നാല് മണിയോടെ തുടങ്ങിയ പെരുമഴ മിക്കയിടങ്ങളിലും നാശം വിതച്ചു. വാളറ മേഖലയിലാണ് വ്യാപക നാശനഷ്ടം ഉണ്ടായത്. വാളറ- വടക്കേച്ചാൽ റോഡിലെ പാലവും റോഡിന്റെ സംരക്ഷണഭിത്തിയും തകർന്നു. പ്രധാനമന്ത്രി റോസ് ഗാർ യോജന പദ്ധതി പ്രകാരം നിർമ്മാണം പൂർത്തിയാക്കിയ റോഡാണ് തകർന്നത്. ഇതോടെ മൂന്ന് വീടുകൾ അപകടാവസ്ഥയിലാവുകയും നിരവധിയാളുകളുടെ യാത്രാമാർഗം അടയുകയും ചെയ്തു. ദേവികുളം എം.എൽ.എ അഡ്വ. എ. രാജ സ്ഥലം സന്ദർശിച്ചു. കൊച്ചി- ധനുഷ്കോടി ദേശീയപാതയിൽ നിരവധി സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായി. വാളറയിൽ മണ്ണിടിഞ്ഞെങ്കിലും ഗതാഗതത്തിന് തടസ്സമില്ല. ദേശീയപാതയിൽ നേര്യമംഗലം വനത്തിൽ പെരുമഴയെത്തുടർന്ന് മലവെള്ളപ്പാച്ചിലിൽ നിരവധി വാഹനങ്ങൾ കുടുങ്ങിയെങ്കിലും അപകടം ഉണ്ടായില്ല.
നീലക്കുറിഞ്ഞി കാണാനെത്തി മടങ്ങുന്നവരുടെ തിരക്കും പ്രതികൂല കാലാവസ്ഥയും മൂലം ഗതാഗതം ഏറെ ദുഷ്‌കരമായി. ചീയപ്പാറ വെള്ളച്ചാട്ടം വലിയ രീതിയിൽ കുതിച്ചു പാഞ്ഞ് പാതയിലേക്കെത്തിയത് ഭീതി വിതച്ചു. ദേവിയാർ പുഴയിലടക്കം ജലനിരപ്പ് ഗണ്യമായി ഉയർന്നിട്ടുണ്ട്. വാത്തിക്കുടിയിൽ ഇടിമിന്നലേറ്റ് വീടിന് ചെറിയ രീതിയിൽ നാശനഷ്ടം സംഭവിച്ചു.
തൊടുപുഴ മേഖലയിൽ വൈകീട്ട് 4 മണിയോടെ ആരംഭിച്ച മഴ മണിക്കൂറുകളോളം നീണ്ടു നിന്നതോടെ നഗരത്തിന്റെ വിവിധ മേഖലകളിൽ വെള്ളക്കെട്ട് അനുഭവപ്പെട്ടു. നഗര വീഥികളിൽ ഓടകൾ നിറഞ്ഞ് പുറത്തക്ക് ഒഴുകിയതോടെ വെങ്ങല്ലൂർ സിഗ്‌നൽ ജംക്ഷൻ, ഷാപ്പുംപടി, ആനക്കൂട്, റോട്ടറി ജംക്ഷൻ മേഖലകളിൽ വെള്ളം കയറിയത് യാത്രക്കാരെ വലച്ചു.
മഴ അളവ് (മില്ലി മീറ്റർ)
ഇടുക്കി- 7
ദേവികുളം- 27.8
പീരുമേട്- 35
തൊടുപുഴ- 2.6
ഉടുമ്പൻചോല- 15.4
ശരാശരി- 17.56