ചെറുതോണി: ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മൺതിട്ട ഇടിഞ്ഞ് വീണ് തൊടുപുഴ- പുളിയന്മല സംസ്ഥാന പാതയിൽ ഗതാഗതം തടസപ്പെട്ടു. റോഡിൽ പാർക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനവും മണ്ണിനടിയിൽപ്പെട്ടു. ഇന്നലെ ഉച്ചകഴിഞ്ഞ് ഇടുക്കി പൊലീസ് സ്റ്റേഷന് സമീപമായിരുന്നു സംഭവം. പ്രദേശത്ത് ഉച്ചകഴിഞ്ഞുണ്ടായ ശക്തമായ മഴയെ തുടർന്ന് മൺതിട്ട ഇടിഞ്ഞ് റോഡിലേക്ക് വീഴുന്നത്. കളക്ട്രേറ്റിൽ പോയി മടങ്ങിവരികയായിരുന്ന നെടുംങ്കണ്ടം സ്വദേശി ജോഷ്വായുടെ വാഗൺആർ കാറിന് മുകളിലേക്കാണ് മൺതിട്ട ഇടിഞ്ഞ് വീണത്. അപകട സമയത്ത് കാറിൽ ജോഷ്വായെ കൂടാതെ മറ്റ് രണ്ട് പേർ കൂടി ഉണ്ടായിരുന്നു. ആർക്കും പരിക്കില്ല. കരിമ്പൻ സ്വദേശി അശ്വിന്റെയുടെയാണ് മണ്ണിനടിയിലായ ബൈക്ക്. മണ്ണും, മരവും, വൈദ്യുതി തൂണും റോഡിലേക്ക് പതിച്ചതോടെ സംസ്ഥാന പാതയിൽ ഗതാഗതം തടസ്സപ്പെട്ടു. റവന്യൂ, പൊലീസ്, അഗ്നി രക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ചെറുതോണി പുതിയ ബസ് സ്റ്റാൻഡ് വഴി ഗതാഗതം തിരിച്ച് വിട്ടു.