തൊടുപുഴ : നഗരസഭ പ്രദേശത്ത് അതിദാരിദ്യമനുഭവിക്കുന്ന കുടുംബങ്ങളെ സഹായിക്കുന്ന പദ്ധതിക്കായി നഗരസഭയിൽ ആലോചനാ യോഗം ചേർന്നു. ഭക്ഷണം, ആരോഗ്യം, പാർപ്പിടം, വരുമാനം എന്നീ അടിസ്ഥാന ഘടകങ്ങൾ ഒരു തരത്തിലും ലഭിക്കാൻ സാദ്ധ്യതയില്ലാത്ത കുടുംബങ്ങളെ നഗരസഭ വിശദമായ സർവ്വെ നടത്തി മുൻപ് കണ്ടെത്തിയിരുന്നു. ഇപ്രകാരം 35 വാർഡുകളിലും കണ്ടെത്തിയ കുടുംബങ്ങൾക്ക് വേണ്ടി ധനസമാഹരണത്തിനായി സർക്കാർ നിർദേശ പ്രകാരമാണ് യോഗം ചേർന്നത്. നഗരസഭ ചെയർമാൻ സനീഷ് ജോർജ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ തൊടുപുഴയിലെ വ്യാപാരികൾ, വ്യവസായികൾ, ബാങ്കുകൾ, ആശുപത്രികൾ, സഹകരണ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, ക്ലബുകൾ, പ്രമുഖ സ്ഥാപങ്ങൾ എന്നിവരുടെ മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു. ഓരോ കുടുംബങ്ങൾക്കും ഓരോ പദ്ധതികൾ ആണ് ആവശ്യമെന്നതിനാൽ പദ്ധതികൾക്കനുസരിച്ച് വേണ്ട സഹകരണ സഹായങ്ങൾ സംഘടനകൾ വാഗ്ദാനം ചെയ്തതായി ചെയർമാൻ അറിയിച്ചു.