തൊടുപുഴ: ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളും തോട്ടങ്ങളും ബഫർസോണിൽ നിന്ന് ഒഴിവാക്കുക,​ ഭൂമിപതിവ് ചട്ടങ്ങൾ കാലാനുസൃതമായി ഭേദഗതി ചെയ്യുക,​ ജില്ലയിലെ നിർമ്മാണ നിരോധന ഉത്തരവുകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യു.ഡി.എഫ് ഇടുക്കി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് കട്ടപ്പന മിനിസ്റ്റേഡിയത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും. പ്രതിഷേധ കൂട്ടായ്മ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. യു.ഡി.എഫിന്റെ സംസ്ഥാന- ജില്ലാ നേതാക്കൾ പ്രസംഗിക്കും. ഭൂമിപതിവ് ചട്ടങ്ങൾ കാലാനുസൃതമായി ഭേദഗതി ചെയ്യണമെന്ന 17-12-2019ലെ സർവ്വ കക്ഷിയോഗ തീരുമാനം നടപ്പാക്കാത്തതിന്റെ ഉത്തരവാദിത്വം സർക്കാർ ഉദ്യോഗസ്ഥന്മാരുടെ തലയിൽ കെട്ടിവച്ച് സി.പി.എമ്മും സി.പി.ഐയും ചക്കളത്തിപോര് നടത്തി ജനങ്ങളെ വിഡ്ഢികളാക്കുകയാണ്. ബഫർസോൺ വിഷയത്തിലും ഭൂമിപതിവ് ചട്ടങ്ങൾഭേദഗതി ചെയ്യുന്ന വിഷയത്തിലും നിർമ്മാണ നിരോധന ഉത്തരവ് പിൻവലിക്കുന്ന കാര്യത്തിലും സംസ്ഥാന സർക്കാർ ജനങ്ങളെയാകെ അക്ഷരാർത്ഥത്തിൽ വഞ്ചിച്ചിരിക്കുകയാണ്. സർക്കാരിന്റെ കൊടിയ ജനവഞ്ചനയ്ക്കെതിരെ യു.ഡി.എഫ് സംഘടിപ്പിക്കുന്ന പ്രതിഷേധ കൂട്ടായ്മയിൽ രാഷ്ട്രീയത്തിന് അതീതമായി ഏവരും സഹകരിക്കണമെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ അഡ്വ. എസ്. അശോകനും കൺവീനർ പ്രൊഫ. എം.ജെ. ജേക്കബ്ബും അഭ്യർത്ഥിച്ചു.