തൊടുപുഴ: ഭൂവിഷയങ്ങളുടെ പേരിൽ സി.പി.എം ദേവികുളം ആർ.ഡി.ഒ ഓഫീസ് ഉപരോധിച്ചത് ജനങ്ങളെ വിഡ്ഢികളാക്കാനാണെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ അഡ്വ. എസ്. അശോകനും കൺവീനർ പ്രൊഫ. എം.ജെ. ജേക്കബ്ബും പറഞ്ഞു. സർക്കാർ ഉത്തരവുകളിലൂടെ പരിഹരിക്കാൻ കഴിയുന്നതാണ് എല്ലാ ഭൂവിഷയങ്ങളും. അല്ലെങ്കിൽ തന്നെ തൊട്ടതിനും പിടിച്ചതിനും ഒക്കെ ഓർഡിനൻസുകൾ ഇറക്കുന്ന സംസ്ഥാന സർക്കാരിന് ഭൂവിഷയങ്ങൾ പരിഹരിക്കുന്നതിന് ഓർഡിനൻസ് ഇറക്കാൻ എന്താണ് തടസം. സി.പി.എമ്മിന്റെ ഭരണവും സമരവും എന്ന അടവിന്റെ തട്ടിപ്പ് ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞു. സി.പി.എം നേതാക്കളുടെ കൈയേറ്റങ്ങൾക്കും അനധികൃത നിർമ്മാണ പ്രവർത്തികൾക്കും സംരക്ഷണം ഒരുക്കുകയാണ് സി.പി.എമ്മിന്റെ നിഗൂഢ ലക്ഷ്യം. ഹൈറേഞ്ച് മേഖലയിൽ നാല് ഏക്കറിന് വരെ കരഭൂമിക്ക് പട്ടയം നൽകണമെന്ന ജനങ്ങളുടെ ചിരകാല അഭിലാഷം സഫലമാക്കിയത് യു.ഡി.എഫ് സർക്കാർ കൊണ്ടു വന്ന ഒരു സർക്കാർ ഉത്തരവിലൂടെയാണ്. ഭൂവിഷയങ്ങൾ പരിഹരിക്കാൻ സി.പി.എമ്മിനും സംസ്ഥാന സർക്കാരിനും യാതൊരു പ്രതിബദ്ധതയുമില്ല. ഭൂമിപതിവ് ചട്ടങ്ങൾ കാലാനുസൃതമായി ഭേദഗതി ചെയ്യണമെന്ന 17-12-2019-ലെ സർവ്വ കക്ഷി യോഗ തീരുമാനം ഇതുവരെ നടപ്പാക്കാത്ത സംസ്ഥാന സർക്കാരിനും സി.പി.എമ്മിനും ഭൂവിഷയങ്ങളുടെ പേരിൽ സമരം ചെയ്യാൻ യാതൊരു അർഹതയുമില്ല. സി.പി.എമ്മിന് ഈ വിഷയത്തിൽ ലവലേശമെങ്കിലും പ്രതിബദ്ധതയുണ്ടെങ്കിൽ യു.ഡി.എഫ് കട്ടപ്പനയിൽ നാളെ സംഘടിപ്പിക്കുന്ന പ്രതിഷേധ കൂട്ടായ്മയിൽ അണി ചേരണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.