ഇടുക്കി: ജില്ലയിലെ നാല് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിലവിലുള്ള ഒഴിവുകൾ നികത്തുന്നതിന് വേണ്ടി നവംബർ ഒമ്പതിന് ഉപതിരഞ്ഞെടുപ്പ് നടക്കും. ഇളംദേശം ബ്ലോക്ക് പഞ്ചായത്തിലെ ഒന്നാം വാർഡായ വണ്ണപ്പുറം, ശാന്തമ്പാറ ഗ്രാമപഞ്ചായത്തിലെ പത്താം വാർഡായ തൊട്ടിക്കാനം, കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിലെ 18-ാം വാർഡായ പൊന്നെടുത്താൽ, കരുണാപുരം ഗ്രാമപഞ്ചായത്തിലെ 16-ാം വാർഡായ കുഴിക്കണ്ടം എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടത്തുക. നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 21നാണ്. നാമനിർദ്ദേശപത്രികകളുടെ സൂഷ്മപരിശോധന 22ന് നടത്തും. സ്ഥാനാർത്ഥിത്വം പിൻവലിക്കുന്നതിനുള്ള അവസാന തീയതി 25. വോട്ടെടുപ്പ് നവംബർ ഒമ്പതിന് രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെ നടക്കും. ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് വാർഡ് ഒന്നിലെ വോട്ടെണ്ണൽ ഇളംദേശം കലയന്താനി ബ്ലോക്ക് പഞ്ചായത്ത് ഹാളിലും, ശാന്തൻപാറ ഗ്രാമപഞ്ചായത്ത് വാർഡ് 10ലെ വോട്ടെണ്ണൽ ശാന്തൻപാറ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലും നടത്തും. ഇടുക്കി കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് വാർഡ് 18ലെ വോട്ടെണ്ണൽ പൈനാവ് മോഡൽ റസിഡൻഷ്യൽ സ്‌കൂളിലായിരിക്കും. കരുണാപുരം ഗ്രാമപഞ്ചായത്ത് വാർഡ് 16 ലെ വോട്ടെണ്ണൽ നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻസ് ഹയർസെക്കൻഡറി സ്‌കൂളിലുമാണ്. വോട്ടെണ്ണൽ നവംബർ 10ന് രാവിലെ 10 മുതൽ ആരംഭിക്കും. ഇളംദേശം ബ്ലോക്ക് പഞ്ചായത്തിൽ 12 ബൂത്തുകളും ശാന്തൻപാറ, കഞ്ഞിക്കുഴി, കരുണാപുരം ഗ്രാമപഞ്ചായത്തുകളിൽ രണ്ട് ബൂത്തുകൾ വീതവും സജ്ജീകരിച്ചിട്ടുള്ളതായി ജില്ലാ കളക്ടർ ഷീബ ജോർജ് അറിയിച്ചു. ബ്ലോക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ഒരു സ്ഥാനാർത്ഥി കെട്ടിവയ്‌ക്കേണ്ട തുക 4000 രൂപയും ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പിന് ഒരു സ്ഥാനാർത്ഥി കെട്ടിവയ്‌ക്കേണ്ട തുക 2000 രൂപയുമാണ്. ഒരു സ്ഥാനാർത്ഥിക്ക് ചെലവഴിക്കാവുന്ന പരമാവധി തുക ബ്ലോക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പിന് 75,000 രൂപയും ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പിന് 25,000 രൂപയുമാണ്. പട്ടികജാതി പട്ടികവർഗ്ഗത്തിൽപെട്ട സ്ഥാനാർത്ഥികൾ തുകയുടെ അമ്പതു ശതമാനം മാത്രം കെട്ടിവച്ചാൽ മതിയാകും.