road
വലിയമാവിലേക്കുള്ള റോഡ്

മൂലമറ്റം: അറക്കുളം പഞ്ചായത്തിൽ കുളമാവ് വനത്തിന്റെ ആഴത്തിലുള്ള പച്ചപ്പ് നിറഞ്ഞ 'വലിയമാവ്" ഗ്രാമത്തിലെ നിവാസികൾ വികസനം കാടുകയറിയെത്തുന്നതിന്റെ സന്തോഷത്തിലാണ്. കുളമാവ് വനത്തിനുള്ളിലെ ഈ ചെറിയ ഗ്രാമത്തിന്റെ ചുറ്റിലും നാല്പതിലേറെ കുടുംബങ്ങളാണ് താമസിക്കുന്നത്. ഇവിടെ ജനവാസം തുടങ്ങിയിട്ട് ഒരു നൂറ്റാണ്ടിലേറെയായി. ജീപ്പ് പോലുള്ള വാഹനങ്ങൾ മാത്രം പോകുന്ന ഈ ഗ്രാമത്തിലേക്ക് ഒരു റോഡ് ഗ്രാമീണരുടെ ഏറെ നാളത്തെ സ്വപ്‌നമായിരുന്നു. എന്നാൽ ‘അംബേദ്കർ ഗ്രാമം' പദ്ധതിയിൽ ഉൾപ്പെടുത്തി വലിയമാവ് സമഗ്ര വികസനത്തിന് ഒരുങ്ങുന്നതിന്റെ ആഹ്ലാദത്തിലാണ് പ്രദേശവാസികൾ. പട്ടികജാതി വകുപ്പിൽ നിന്നുള്ള ഒരു കോടിയോളം രൂപ വീതം ചെലവഴിച്ചാണ്‌ കോളനികളിലേക്ക് വികസന- ക്ഷേമ പദ്ധതികൾ എത്തുന്നത്. ശുദ്ധജലവിതരണം, റോഡ് നിർമാണം തുടങ്ങി അടിസ്ഥാന വികസനത്തിന്‌ ഊന്നൽ നൽകിയാണ്‌ ‌പദ്ധതി നടപ്പാക്കുന്നത്‌. പദ്ധതി യഥാർത്ഥ്യമായാൽ പ്രാദേശികമായും വിദൂര സ്ഥലങ്ങളിൽ നിന്നുമുള്ള സഞ്ചാരികൾ ഇവിടേക്ക് വ്യാപകമായി എത്തിച്ചേരുമെന്നാണ് ജനത്തിന്റെ പ്രതീക്ഷ. വലിയമാവിന്റെ മനോഹാരിത അറിയാൻ ആദ്യം വൈശാലി കവലയിൽ എത്തണം. വൈശാലിയിലിറങ്ങി ചുരുളിയിലേക്കുള്ള റോഡിലൂടെ സഞ്ചരിച്ചാൽ വലിയമാവിലെത്താം. സമീപത്ത് ഒരു കൊച്ച് അമ്പലവുമുണ്ട്.

സിനിമാക്കാരുടെ ഇഷ്ടലൊക്കേഷൻ

കാടിന്റെ തണുപ്പും ഗ്രാമത്തിന്റെ മനോഹാരിതയും ഏറെയുള്ള വലിയമാവ് സിനിമാക്കാരുടെ ഇഷ്ടലൊക്കേഷൻ കൂടിയാണ്. കുളമാവ് പാറമട കഴിഞ്ഞാൽ വനത്തിനുള്ളിലെ ബസ് സ്റ്റോപ്പിന് ആദ്യകാലത്ത് പ്രത്യേക പേരില്ലായിരുന്നു. വനമായതിനാൽ സ്ഥലനാമം ഇല്ലാതെ യാത്രക്കാർ ബസ് കയറാനും ഇറങ്ങാനും ഈ കവലയെ ആശ്രയിച്ചു. ഇതിനിടെ 1988ൽ ഭരതന്റെ 'വൈശാലി" സിനിമയിലെ ആശ്രമം ഈ ഭാഗത്ത് നിർമ്മിച്ചാണ് ചിത്രീകരിച്ചത്. പിന്നീട് ഇവിടം വൈശാലി കവല എന്നറിയപ്പെട്ടു. 33 വർഷങ്ങൾക്ക് ശേഷം 2021ൽ ലിജോ ജോസ്‌ പെല്ലിശേരി സംവിധാനം ചെയ്‌ത 'ചുരുളി" എന്ന സിനിമയിലൂടെയാണ് ഈ ഭാഗം വീണ്ടും വെള്ളിത്തിരയിലെത്തുന്നത്. 'ചുരുളി" സിനിമയുടെ പ്രധാന ലൊക്കേഷനും ഈ ഭാഗത്താണ്. വൈശാലിക്കവലയിൽ നിന്ന്‌ വലിയമാവിലേക്കുള്ള റോഡാണ് ഈ ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. ടാർ റോഡില്ലാത്ത പ്രദേശം തേടിയലഞ്ഞ സിനിമാക്കാർക്ക് ഇവിടം ഏറെ ഹൃദ്യമായി.