പീരുമേട്: ദേശീയപാത 183ൽ വളഞ്ചാങ്ങാനം വെള്ളചാട്ടത്തിനരുകിൽ കാട്ടാനയെത്തി. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടുകൂടിയാണ് ഒരു കൊമ്പനെ കണ്ടത്. കഴിഞ്ഞ ദിവസം ശബരിമല വനത്തിന്റെ ഭാഗമായ പ്ലാക്കത്തടം, തോട്ടാപ്പുര ഭാഗങ്ങളിൽ കാട്ടാനകളെത്തി കൃഷി ഭൂമിയിലെത്തി വ്യാപക നാശം വരുത്തിയിരുന്നു. ഏതാനും മാസങ്ങളായി പാക്കത്തടം, കച്ചേരിക്കുന്ന് ഭാഗങ്ങളിൽ അഞ്ച് ആനകൾ അടങ്ങിയ സംഘം കൃഷികളും നശിപ്പിക്കുകയുണ്ടായി. ഇതു സംബന്ധിച്ച് വിവരം അറിയിച്ചതനുസരിച്ച് പഞ്ചായത്ത് പ്രസിഡന്റ് എസ്. സാബു വാർഡ് മെമ്പർ ആർ. ദിനേശൻ എന്നിവർ സ്ഥലത്തെത്തി. വനംവകുപ്പ് ഉദ്യോഗസ്ഥർ വന്നതല്ലാതെ ഒരു നടപടിയും സ്വീകരിച്ചില്ല. കഴിഞ്ഞ മാസം ഈ പ്രദേശത്ത് കാട്ടപോത്തിനെയും കണ്ടിരുന്നു. മഴയും മഞ്ഞും മൂലം കാഴ്ച ബുദ്ധിമുട്ടാകുന്ന സ്ഥിതിയിൽ കാട്ടാന ദേശീയ പാതയിൽ ഇറങ്ങിയാൽ വാഹന യാത്രക്കാർക്ക് ഭീഷണിയാകും.