നെടുങ്കണ്ടം: നീലക്കുറിഞ്ഞി കാണാനെത്തിയ ദമ്പതിമാരുടെ പാദസ്വരം കാണാതായത് ഉടമകൾക്ക് കണ്ടെത്തി നൽകി ഉടുമ്പൻചോല പൊലീസ്. ഏതാനും ദിവസം മുമ്പാണ് അടിമാലി സ്വദേശികളുടെ പാദസ്വരം കാണാതായത്. കള്ളിപ്പാറ മലനിരകളിൽ നീലക്കുറിഞ്ഞി പൂവിട്ടത് കാണാനാണ് അടിമാലി സ്വദേശികൾ എത്തിയത്. ഇതിനിടെ പാദസ്വരം കാണാതായി. സംഭവം നടന്ന ശേഷം നീലക്കുറിഞ്ഞി പൂവിട്ടത് കാണാനായി കള്ളിപ്പാറയിലെത്തിയ പെരുമ്പാവൂർ വദേശികൾക്ക് സ്വർണ പാദസ്വരം ലഭിച്ചു. ഇവർ പാദസ്വരം ഉടുമ്പൻചോല പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. പൊലീസ് സംഘം പാദസ്വരം ലഭിച്ചെന്ന വിവരം അറിയിപ്പായി നൽകിയതോടെ ഉടമകൾ സ്റ്റേഷനിലെത്തി. എസ്.ഐ അബ്ദുൽ ഖനി, എസ്.ഐ ഷിബു മോഹൻ എന്നിവർ സ്വർണ പാദസ്വരം ഉടമകൾക്ക് കൈമാറി. പാദസ്വരത്തിന്റെ ഉടമകളെ കണ്ടെത്തിയ വിവരം പെരുമ്പാവൂർ സ്വദേശികളെ പൊലീസ് വിളിച്ചറിയിക്കുകയും ചെയ്തു.