മൂലമറ്റം: അറക്കുളം പഞ്ചായത്ത് ബസ് സ്റ്റാൻഡിലുള്ള ശുചി മുറി മാലിന്യം റോഡിലൂടെ ഒഴുകുന്നതിൽ ശക്തമായ പ്രതിഷേധം. നാല് മാസം മുമ്പ് പഞ്ചായത്ത് കമ്മിറ്റി ചേരുകയും പ്രൈവറ്റ് സ്റ്റാൻഡിലെ ശുചിമുറി പൂട്ടിയിടാനും ടാക്‌സി സ്റ്റാൻഡിലെ ശുചിമുറി തുറന്ന് കൊടുക്കാനും തീരുമാനിച്ചിരുന്നെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. കഴിഞ്ഞ ദിവസങ്ങളിലെ മഴയെ തുടർന്ന് ടാങ്കിൽ വെള്ളമിറങ്ങി മാലിന്യം റോഡിലൂടെ വ്യാപകമായി ഒഴുകുന്ന അവസ്ഥയായിരുന്നു. ഇവിടെ നിന്ന് രണ്ട് ലോഡ് മാലിന്യം ഏതാനും നാളുകൾക്ക് മുമ്പ് ബ്രഹ്മപുരത്തേക്ക് കയറ്റി വിട്ടിരുന്നു. എന്നാൽ പഞ്ചായത്ത് അധികൃതർ എട്ട് ലോഡിന്റെ പണം എഴുതി എടുത്തത് വിവാദമായിരുന്നു. നടപടി വിവാദമായതിനെ തുടർന്ന് അധികം കൈപ്പറ്റിയ തുക പഞ്ചായത്തിൽ അടച്ചു കൊള്ളാമെന്ന് അധികൃതർ സമ്മതിക്കുകയും ചെയ്തു. രണ്ട് മാസങ്ങളായിട്ടും പണം അടക്കാത്തതിനാൽ ഇത് സംബന്ധിച്ച് വിജിലൻസിൽ പരാതി നൽകിയിരിക്കുകയാണ് നാട്ടുകാർ. ഇതിനിടയിലാണ് കഴിഞ്ഞ ദിവസത്തെ മഴയിൽ ടാങ്ക് നിറഞ്ഞ് മാലിന്യങ്ങൾ മൂലമറ്റം ടൗണിലേക്ക് ഒഴുകിയത്. മാലിന്യമൊഴുകുന്നത് തടയണമെന്നാവശ്യപ്പെട്ട് മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. മാലിന്യം ഒഴുകുന്നതിനെ തുടർന്ന് മിക്കവാറും ദിവസങ്ങളിൽ ടൗണിലെ വ്യാപാര സ്ഥാപനങ്ങൾ അടച്ചിടേണ്ട അവസ്ഥയായിരുന്നെന്ന് നേതാക്കൾ പറഞ്ഞു. ഏകദേശം പതിനായിരം രൂപയിൽ താഴെ മുടക്കുള്ള പണി ചെയ്യാതെയാണ് പഞ്ചായത്ത് ജനങ്ങളെയും വ്യാപാരികളെയും ദ്രോഹിക്കുന്നത്. പഞ്ചായത്തിലെ ഒരു മെമ്പർമാരും പ്രശനത്തിൽ ഇടപെടുന്നില്ലെന്നും നേതാക്കൾ പറഞ്ഞു. യൂണിറ്റ് പ്രസിഡന്റ് ടോമി വാളികുളം പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. മുട്ടം, കാഞ്ഞാർ, കുളമാവ് സ്റ്റേഷനുകളിൽ നിന്നുള്ള പൊലീസ് സ്ഥലത്ത് എത്തിയിരുന്നു.
ശുചിമുറി ബി.ജെ.പി പ്രവർത്തകർ പൂട്ടി
മാലിന്യമൊഴുകുന്ന ശുചിമുറി ബി.ജെ.പി പ്രവർത്തകരുടെ നേതൃത്വത്തിൽ പൂട്ടി. ഇത് സംബന്ധിച്ച് ബി.ജെ.പി പ്രവർത്തകർ പഞ്ചായത്ത് അധികൃതരെ വിവരം അറിയിച്ചെങ്കിലും നടപടികൾ സ്വീകരിച്ചില്ലെന്ന് നേതാക്കൾ പറഞ്ഞു. തുടർന്നാണ് പഞ്ചായത്ത് മെമ്പർ പി.എ. വേലുക്കുട്ടന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി പ്രവർത്തകർ പ്രകടനമായെത്തി ശുചി മുറി പൂട്ടിയത്. എം.കെ. രാജേഷ്, എം.ജി. ഗോപാലകൃഷ്ണൻ, സൗമ്യ എം. അനിൽ കുമാർ, ബഞ്ചിൻ ബിജു, സാജുമോൻ എന്നിവർ നേതൃത്വം നൽകി.