തൊടുപുഴ: പൊതുജനങ്ങളുടെ പരാതികളെത്തുടർന്ന് നഗരസഭ അടച്ചുപൂട്ടി സീൽ ചെയ്ത സ്വകാര്യ ഡിജിറ്റൽ സേവന കേന്ദ്രം അനുമതിയില്ലാതെ തുറന്നതിനെതിരെ അധികൃതർ രംഗത്തെത്തിയതോടെ ആത്മഹത്യാ ഭീഷണിയുമായി നടത്തിപ്പുകാരൻ രംഗത്തെത്തിയത് മുനിസിപ്പൽ ഓഫീസിന് മുന്നിൽ നാടകീയരംഗങ്ങൾ സൃഷ്ടിച്ചു. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ തൊടുപുഴ നഗരസഭാ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സി.ജെ ഫോട്ടോസ്റ്റാറ്റ്‌സ് എന്ന സ്ഥാപനം നടത്തുന്ന സി.ജെ. സെബാസ്റ്റ്യനാണ് ആത്മഹ്യാ ഭീഷണി മുഴക്കിയത്. ഫോട്ടോസ്റ്റാറ്റിനും ഓൺലൈൻ ഡിജിറ്റൽ സേവനങ്ങൾക്കും സ്ഥാപനം അമിത നിരക്ക് ഈടാക്കുന്നതായി നഗരസഭ കൗൺസിലിന് രേഖാമൂലം ഏഴ് പരാതികളാണ് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ഡിസംബർ 12ന് കടമുറി ഒഴിപ്പിക്കണമെന്ന് കൗൺസിൽ തീരുമാനിച്ചു. സ്ഥാപന നടത്തിപ്പുകാരന് നോട്ടീസും നൽകി. എന്നാൽ ഇയാൾ ഒഴിയാൻ തയ്യാറായില്ല. പരാതികൾ വീണ്ടും വ്യാപകമായതോടെ ശനിയാഴ്ച വൈകിട്ട് നഗരസഭാ ഉദ്യോഗസ്ഥരെത്തി കടമുറി പൂട്ടി സീൽ ചെയ്തു. ഇതറിഞ്ഞ സ്ഥാപന നടത്തിപ്പുകാരൻ ഞായറാഴ്ച ഉച്ചയോടെ നഗരസഭയിട്ട പൂട്ട് തകർക്കുകയായിരുന്നു. പൂട്ട് തകർക്കുന്ന ദൃശ്യങ്ങൾ നഗരസഭയുടെ സി.സി ടി.വി.യിൽ പതിഞ്ഞിട്ടുണ്ട്. സ്ഥാപനം വീണ്ടും തുറന്ന് പ്രവർത്തിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ഇന്നലെ ഉച്ചകഴിഞ്ഞ് നഗരസഭാ ചെയർമാൻ സനീഷ് ജോർജും ഉദ്യോഗസ്ഥരും എത്തി. കടയിൽ നിന്ന് ഇറങ്ങാൻ തയ്യാറാകാതിരുന്ന ഉടമ കഴുത്തിൽ കയറിട്ട് ആത്മഹത്യാ ഭീഷണി മുഴക്കി. ഇതോടെ നഗരസഭ ഉദ്യോഗസ്ഥർ പൊലീസിൽ വിവരമറിച്ചു. കാര്യമറിയാൻ നാട്ടുകാരും സ്ഥലത്ത് തടിച്ചുകൂടി. പ്രശ്‌നം നടക്കുന്നതിനിടെ സ്ഥാപനത്തിൽ എത്തിയ നടത്തിപ്പുകാരന്റെ ഭാര്യയുടെ കഴുത്തിലും ഇയാൾ കയറിട്ട് കുരുക്കിട്ടു. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ വ്യാപാരി വ്യവസായി സംഘടന നേതാക്കളും പൊലീസും ചേർന്ന് നടത്തിയ ചർച്ചയിലാണ് കടയിൽ നിന്നിറങ്ങാൻ നടത്തിപ്പുകാരൻ തയ്യാറായത്. സീൽ ചെയ്ത കടമുറി അനുവാദമില്ലാതെ തുറന്നതിന് ഇയാൾക്കെതിരെ നഗരസഭ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.


'എന്റ സ്ഥാപനം പൂട്ടി സീൽ ചെയ്ത നഗരസഭയുടെ നടപടി നിയമവിരുദ്ധമാണ്. 30 വർഷത്തിലേറെയായി ഇവിടെ സ്ഥാപനം നടത്തുന്ന തന്നോട് ചിലർക്കുള്ള വിരോധമാണ് ഇതിന് പിന്നിൽ."

-നടത്തിപ്പുകാരൻ സെബാസ്റ്റ്യൻ

'സ്ഥാപനത്തിനെതിരെ കൗൺസിലർമാരുടെയടക്കം നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്. നഗസരഭാ ഓഫീസിന് കീഴിലിരുന്ന് പൊതുജനങ്ങളെ കൊള്ളയടിക്കുന്ന നടപടി ഇനി അനുവദിക്കില്ല. സീൽ ചെയ്ത പൂട്ട് പൊളിച്ചത് ഒരിക്കലും അംഗീകരിക്കാനാവില്ല"

- നഗരസഭാ ചെയർമാൻ സനീഷ് ജോർജ്ജ്