മൂന്നാർ: ഒരു ഇടവേളയ്ക്ക് ശേഷം ദേവികുളം മുൻ എം.എൽ.എ എസ്. രാജേന്ദ്രനും മുൻ മന്ത്രി എം.എം. മണിയും തമ്മിലുള്ള വാക്‌പോര് മുറുകുന്നു. ഉണ്ടചോറിന് നന്ദികാണിക്കാത്ത രാജേന്ദ്രനെ കൈകാര്യം ചെയ്യണമെന്ന എം.എം. മണിയുടെ പരസ്യ പരാമർശം വിവാദമായിരുന്നു. പിന്നാലെയാണ് എസ്. രാജേന്ദ്രനും വിമർശനവുമായി രംഗത്തെത്തിയത്. മൂന്നാർ എസ്റ്റേറ്റ് യൂണിയന്റെ വാർഷിക യോഗത്തിലാണ് വിവാദ പ്രസംഗം മണി നടത്തിയത്. എം.എം. മണിയെപ്പോലുള്ളവർ നേതാവായി തുടരുന്ന പാർട്ടിയിൽ ഇനിയില്ലെന്ന് എസ്. രാജേന്ദ്രൻ പറഞ്ഞു. അച്ചടക്ക നടപടിക്ക് വിധേയനായിട്ടും തന്നെ പിന്തുടർന്ന് വ്യക്തിഹത്യ നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. ജാതിപ്പേര് വിളിച്ചുള്ള അധിക്ഷേപം ഇപ്പോഴും തുടരുകയാണ്. സ്വയം പുറത്ത് പോയില്ലെങ്കിൽ പുകച്ച് ചാടിക്കുകയെന്ന നയമാണ് എം.എം. മണി സ്വീകരിക്കുന്നത്. സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കാനാണ് എം.എം. മണിയുടെ ശ്രമം. യൂണിയനുകളുടെ സാമ്പത്തിക സ്ഥിതി ലക്ഷ്യമിട്ട് തോട്ടം തൊഴിലാളികളെ തമ്മിലടിപ്പിക്കുകയാണ്. അധിക്ഷേപം തുടർന്നാൽ നിയമ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞ എസ്. രാജേന്ദ്രൻ മറ്റ് പാർട്ടികളിൽ നിന്ന് ക്ഷണമുണ്ടെന്ന സൂചനയും നൽകി. ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ എ. രാജയെ തോൽപ്പിക്കാൻ ശ്രമം നടത്തിയെന്ന് ആരോപിച്ചാണ് എസ്. രാജേന്ദ്രനെതിരെ സി.പി.എം അച്ചടക്ക നടപടി എടുത്തത്. പാർട്ടി അംഗമായി തുടരാൻ അപേക്ഷ നൽകിയിരുന്നെങ്കിലും ഇതും പിന്നീട് പരിഗണിക്കാനായി നേതൃത്വം മാറ്റിവച്ചിരിക്കുകയാണ്.