മൂന്നാർ: മുഖ്യമന്ത്രി നൽകിയ നിർദ്ദേശം അങ്ങാടിപ്പാട്ടാണെന്ന് പറഞ്ഞ ദേവികുളം സബ് കളക്ടർ തെമ്മാടിയാണെന്ന് മുൻ മന്ത്രി എം.എം. മണി. മുഖ്യമന്ത്രിയെ അധിക്ഷേപിച്ച ജില്ലാ കളക്ടർ, ദേവികുളം സബ് കളക്ടർ എന്നിവർക്കെതിരെ നടപടി സ്വീകരിക്കുക, 1964,​ 93 ലെ ഭൂവിനിയോഗ ചട്ടം ഭേദഗതി ചെയ്യുക തുടങ്ങിയ അഞ്ചോളം ആവശ്യങ്ങൾ ഉന്നയിച്ച് സി.പി.എമ്മിന്റെ നേത്യത്വത്തിൽ ദേവികുളം ആർ.ഡി.ഒ ഓഫീസിലേക്ക് നടത്തിയ ബഹജന മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൈവശ ഭൂമിക്ക് പട്ടയം നൽകുക, നീലക്കുറിഞ്ഞിയുടെ പേരിൽ കർഷകരുടെ ഭൂമി പിടിച്ചെടുക്കുന്ന നടപടി നിർത്തിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സി.പി.എമ്മിന്റെ നേതൃത്വത്തിൽ ദേവികുളം ആർ.ഡി.ഒ ഓഫീസിലേക്ക് ബഹുജന മാർച്ച് സംഘടിപ്പിച്ചത്. ഇറച്ചിൽ പാറയിൽ നിന്ന് പ്രകടനവുമായെത്തിയ പ്രവർത്തരുടെ പ്രതിഷേധം ഒരു മണിക്കൂറാണ് നീണ്ടുനിന്നത്. ജില്ലയിലെ ഭൂപ്രശ്‌നങ്ങൾ സംബന്ധിച്ചുള്ള കാര്യങ്ങളിൽ സർക്കാർ അനുകൂല നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി ജില്ലാ കളക്ടർ, ദേവികുളം സബ് കളക്ടർ എന്നിവരോട് നോട്ടീസ് നൽകുന്നതടക്കമുള്ള പ്രവർത്തനങ്ങൾ നിറുത്തിവെയ്ക്കാൻ മുഖ്യമന്ത്രി വാക്കാൽ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ നിർദ്ദേശത്തെ അങ്ങാടിപ്പാണെന്ന് പറഞ്ഞ് ആക്ഷേപിച്ച സബ് കളക്ടർ തെമ്മാടിയാണന്ന് എംഎം മണി പറഞ്ഞു. ഇറച്ചിപ്പാറിയിൽ നിന്നും പ്രകടനമായെത്തിയ പ്രവർത്തകരെ ആർ.ഡി.ഒ ഓഫീസിന് സമീപത്ത് പൊലീസ് തടഞ്ഞു. തുടർന്ന് പ്രവർത്തകരും നേതാക്കളും റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി സി.വി. വർഗീസ്, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ.വി. ശശി, വി.എൻ. മോഹനനൻ, ഷൈലജ സുരേന്ദ്രൻ, ദേവികുളം എം.എൽ.എ അഡ്വ. എ. രാജ, ഏരിയാ സെക്രട്ടറി കെ.കെ. വിജയൻ തുടങ്ങിയവർ പങ്കെടുത്തു.