തൊടുപുഴ: 264 കോടി രൂപ ചെലവഴിച്ച് ഏഴ് കിലോമീറ്റർ റെയിൽ പാതയും കാലടി റെയിൽവേ സ്റ്റേഷനും ഒരു കിലോമീറ്റർ നീളമുള്ള പെരിയാർ പാലവും നിർമ്മിച്ച ശബരി റെയിൽ പദ്ധതി കാൽനൂറ്റാണ്ട് കഴിഞ്ഞിട്ടും ട്രാക്കിലായില്ല. ഈ അവസ്ഥയിൽ ശബരിമലയാത്ര എളുപ്പത്തിലാക്കാനെന്ന പേരിൽ ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരൻ റെയിൽവേ ബോർഡിന് പുതിയ നിർദേശം സമർപ്പിച്ചത് നിലവിലെ ശബരി റെയിൽ പദ്ധതി അട്ടിമറിക്കാനാണെന്നാണ് ആക്ഷൻ കൗൺസിലിന്റെ ആക്ഷേപം. ചെങ്ങന്നൂരിൽ നിന്ന് പമ്പാനദിയുടെ തെക്കുഭാഗത്തുകൂടിയാണ് 70 കിലോമീറ്റർ ദൈർഘ്യമുള്ള പാത നിർമ്മിക്കാൻ ആലോചിക്കുന്നത്. പരിസ്ഥിതി ദുർബല മേഖലയായ പമ്പാ നദിയിലും പെരിയാർ കടുവാ സങ്കേതത്തിലൂടെയും തൂണുകൾ നിർമിച്ചാണ് ചെങ്ങന്നൂരിൽനിന്ന് ഹൈസ്പീഡ് പാത ഒരുക്കേണ്ടത്. ഏഴുകിലോമീറ്റർ പാതയും കാലടി റെയിൽവേ സ്റ്റേഷനും ഒരു കിലോമീറ്റർ പെരിയാർ പാലവും പണിതശേഷമാണ് ശബരി പദ്ധതി നിലച്ചത്. കേന്ദ്രസർക്കാരിന്റെ പി.എം ഗതിശക്തിയിൽ ഉൾപ്പെടുത്തി അനുമതി നൽകുന്നത് റെയിൽവേ ബോർഡിന്റെ പരിഗണനയിലാണ്. ഈ സമയം ബദൽ നിർദേശവുമായെത്തുന്നത് പദ്ധതി അട്ടിമറിക്കാനാണെന്നാണ് ആക്ഷേപം.

1997- 98ലെ കേന്ദ്ര റെയിൽവേ ബഡ്ജറ്റിൽ പ്രഖ്യാപിച്ച 116 കിലോ മീറ്രർ ദൈർഘ്യമുള്ള അങ്കമാലി ശബരിമല റെയിൽ പദ്ധതിയുടെ എസ്റ്റിമേറ്റ് തുക 550 കോടി രൂപയായിരുന്നു. എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലൂടെയാണ് പദ്ധതി കടന്നുപോകുന്നത്. പെരിയാർ ടൈഗർ റിസർവിലൂടെ കടന്നുപോകേണ്ടതിനാൽ സംസ്ഥാന സർക്കാരിന്റെ അഭ്യർത്ഥന പ്രകാരം അഞ്ച് കിലോ മീറ്റർ കുറച്ച് പാത എരുമേലി വരെയാക്കി. 2002ൽ അങ്കമാലി മുതൽ രാമപുരം വരെയുള്ള 70 കിലോമീറ്റർ ദൂരത്തിന്റെ ഫൈനൽ ലൊക്കേഷൻ സർവേ പൂർത്തിയായി. സ്ഥലമേറ്റെടുപ്പിനെതിരെ ചിലർ കോടതിയെ സമീപിച്ചതും സംസ്ഥാന സർക്കാരിന്റെ നിസഹകരണവും കാരണം പദ്ധതി പിന്നീട് മുന്നോട്ടുപോയില്ല. ഇതോടെ പദ്ധതി തുക 550 കോടിയിൽ നിന്ന് 2017 ആയപ്പോഴേക്കും 2815 കോടി രൂപയായി ഉയർന്നു. ഇതോടെ പുതുക്കിയ പദ്ധതി തുകയുടെ അമ്പത് ശതമാനം സംസ്ഥാനം വഹിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. മുഴുവൻ തുകയും കേന്ദ്രം തന്നെ വഹിക്കണമെന്ന നിലപാടിൽ കേരളവും ഉറച്ച് നിന്നു.

എന്നാൽ നിർമ്മാണ ചെലവ് പങ്കുവെയ്ക്കുന്നതിന് 2021 ജനുവരിയിൽ സംസ്ഥാന മന്ത്രിസഭ തീരുമാനമെടുത്തു. സംസ്ഥാന ബഡ്ജറ്റിൽ 2000 കോടി രൂപ അനുവദിച്ചു.

എരുമേലി വരെയുള്ള ഒന്നാം ഘട്ടത്തിലെ ഫൈനൽ ലൊക്കേഷൻ സർവ്വേ നടത്തി തയ്യാറാക്കിയ പുതുക്കിയ എസ്റ്റിമേറ്റ് കേന്ദ്ര സർക്കാരിന്റെ ഫ്ളാഗ്ഷിപ്പ് പദ്ധതിയായ പി.എം ഗതിശക്തിയിൽ ഉൾപ്പെടുത്തി അനുമതി നൽകാൻ റെയിൽവേ ബോർഡ് പരിശോധിക്കുന്നുണ്ട്. കോട്ടയം ജില്ലയിൽ ഏറ്റെടുക്കേണ്ട സ്ഥലങ്ങൾ കുറച്ച് പകരം കൂടുതൽ ടണലുകൾ ഉൾപ്പെടുത്തിയാണ് പുതുക്കിയ എസ്റ്റിമേറ്റ്. പുതിയ എസ്റ്റിമേറ്റ് പ്രകാരം 3456 കോടി രൂപയാണ് പദ്ധതിക്ക് പ്രതീക്ഷിക്കുന്ന ചെലവ്.

കടലാസിലായത് സ്വപ്ന പദ്ധതി

പദ്ധതി പ്രഖ്യാപനം: 1997- 98

അങ്കമാലി മുതൽ എരുമേലി വരെ- 111 കിലോമീറ്റർ

അന്നത്തെ ചെലവ്- 550 കോടി രൂപ

നിലവിലെ ചിലവ്- 3456 കോടി രൂപ (70 കി.മി)

'3500 കോടി രൂപയുടെ അങ്കമാലി- ശബരി റെയിൽവെ പദ്ധതി ഉപേക്ഷിച്ച് പരിസ്ഥിതി ദുർബല മേഖലയായ പമ്പാ നദിയിലൂടെയും പെരിയാർ കടുവാ സങ്കേതത്തിലൂടെയും ചെങ്ങന്നൂരിൽ നിന്നും ഹൈ സ്പീഡ് റെയിൽപാത നിർമ്മിക്കാൻ 13,000 കോടി രൂപയുടെ പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്നത് കേരളത്തിലെ റെയിൽവേ വികസനത്തെ അട്ടിമറിക്കാനുള്ള സ്ഥാപിത താല്പര്യക്കാരാണ്."

ഡീൻ കുര്യാക്കോസ് എം.പി