തൊടുപുഴ: പ്രീ പ്രൈമറി വിദ്യാഭ്യാസം ഉന്നത നിലവാരത്തിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ 'സമഗ്ര ശിക്ഷ കേരള' നടപ്പിലാക്കുന്ന 'സ്റ്റാർ പ്രീ പ്രൈമറിയുടെ ഉദ്ഘാടനം ഇഞ്ചിയാനി ഗവ. എൽ പി സ്‌കൂളിൽ അഡ്വ. ഡീൻ കുര്യാക്കോസ് എം.പി നിർവ്വഹിച്ചു. ആലക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ജെറി അദ്ധ്യക്ഷത വഹിച്ചു. ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്യു.കെ. ജോൺ മുഖ്യ പ്രഭാഷണം നടത്തി. ആലക്കോട് ഗ്രാമപഞ്ചായത്ത് മെമ്പർ ബൈജു ജോർജ് 'കളിത്തട്ട്' ഉദ്ഘാടനം ചെയ്തു. ഇളംദേശം ബ്ലോക്ക് മെമ്പർ ടോമി കാവാലം, ആലക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സോമൻ ജയിംസ്, മെമ്പർമാരായ സനൂജ സുബൈർ, ഷാന്റി ബിനോയി, ലിഗിൽ ജോ, ഇ.എസ് റഷീദ്, ജാൻസി ദേവസ്യ, ജോസഫ് ചാക്കോ, കിരൺ രാജു, നിസാമോൾ അബ്രഹാം, ജാൻസി മാത്യു, ഷീബ മുഹമ്മദ്ദ്, എസ്.എസ്.കെ ജില്ലാ കോർഡിനേറ്റർ ബിന്ദു മോൾ.ഡി, യാസിർ എ.കെ, ബി.പി.സി റ്റി.പി. മനോജ്, പി.ടി.എ പ്രസിഡന്റ് റോസിലി ജോൺ, ഹെഡ്മിസ്ട്രസ് നിർമ്മല.കെ.ജി. എന്നിവർ സംസാരിച്ചു.

ജില്ലയിലെ ആദ്യത്തെ

'കളിത്തട്ട്' സ്‌കൂൾ

സമഗ്രശിക്ഷ കേരളയുടെ നേതൃത്വത്തിൽ ജില്ലയിലെ പ്രീ പ്രൈമറി സ്‌കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി സ്റ്റാർസ് പദ്ധതിയിലുൾപ്പെടുത്തി ജില്ലയിലെ എട്ട് സ്‌കൂളുകൾക്ക് പത്തു ലക്ഷം രൂപ വീതം അനുവദിച്ചിരുന്നു. ജില്ലയിൽ ആദ്യമായി ആ പദ്ധതി പൂർത്തീകരിച്ചത് ഇഞ്ചിയാനി ഗവ. എൽ.പി സ്‌കൂളാണ്. കളിത്തട്ട് എന്നാണ് ഈ പ്രീ പ്രൈമറിക്ക് നാമകരണം ചെയ്തിരിക്കുന്നത്. കുട്ടികളുടെ മാനസികവും ശാരീരികവും ബൗദ്ധികവുമായ വികസനമാണ് സ്റ്റാർസ് പദ്ധതി ലക്ഷ്യം വെക്കുന്നത്. വെൽനെസ് പാർക്ക്, പ്രകൃതി പഠനത്തിനും ഭാഷാ പഠനത്തിനുമായുള്ള നൂതന സാദ്ധ്യതകൾ,വിവിധ തരം കളിയിടങ്ങൾ, ഏറുമാടങ്ങൾ, ഇടുക്കി ആർച്ച് ഡാമിന്റെ മാതൃക, കുട്ടിയാന, മെട്രോ ട്രെയിനിന്റെ മാതൃക, ഹെലികോപ്ടർ, ഗ്ലോബ്, കുട്ടിക്കിണർ, ശലഭപാർക്ക്, ജൈവവൈവിദ്ധ്യ ഉദ്യാനം ഇവയെല്ലാം കളിത്തട്ടിൽ സജീകരിച്ചിട്ടുണ്ട്. കളിയിലൂടെയും അനുഭവങ്ങളിലൂടെയും കുട്ടികളുടെ വിവിധ വികാസ മേഖലകളെ പരിപോഷിപ്പിക്കുന്ന രീതിയിലാണ് ക്ലാസ്സിനകവും പുറവും സജീകരിച്ചിരിക്കുന്നത്.