കുമളി: 'എന്റെ ഭൂമി' പദ്ധതിയുടെ ഭാഗമായി കുമളി ഗ്രാമ പഞ്ചായത്തിൽ യോഗം ചേർന്നു. 'എല്ലാവർക്കും ഭൂമി' എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്' എന്ന ആശയം മുൻനിർത്തി ഒരു വിരൽത്തുമ്പിൽ ഭൂരേഖകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് എന്റെ ഭൂമി. ശാസ്ത്രീയമായ ഡിജിറ്റൽ സർവേയിലൂടെ നാല് വർഷം കൊണ്ട് ഭൂരേഖകൾ തയ്യാറാക്കി അതിർത്തി നിർണ്ണയിക്കുക ആണ് പദ്ധതിയുടെ ഉദ്ദേശം. തദ്ദേശ ഭരണ വകുപ്പിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന സർവേ സഭകൾ ആദ്യ ഘട്ടത്തിൽ സംസ്ഥാനത്ത് 200 വില്ലേജുകളിൽ നടക്കും. ജില്ലയിൽ 13 വില്ലേജുകളിലാണ് ആദ്യഘട്ടത്തിൽ സർവേ നടത്തുന്നത്. പീരുമേട് താലൂക്കിലെ 3 വില്ലേജുകളും പെരിയാർ വില്ലേജിൽ ഉൾപ്പെട്ട കുമളി പഞ്ചായത്തിലെ അഞ്ചു വാർഡുകളും ആദ്യഘട്ടത്തിൽ ഉൾപ്പെടുന്നു. വാർഡ് തലത്തിൽ ജനങ്ങളിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഗ്രാമസഭകൾ ചേരുന്നതിന് മുന്നോടിയായാണ് വാർഡ് മെമ്പർമാരും സർവേ ഉദ്യോഗസ്ഥരും യോഗം ചേർന്നത്.
കുമളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജിമോന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് വി. കെ. ബാബുകുട്ടി, വാർഡ് മെമ്പർമാരായ റോബിൻ കാരക്കാട്ട്, ഷൈലജ ഹൈദ്രോസ്, ടി. എസ്. പ്രദീപ്, വർഗീസ് എം , സർവ്വേ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.